കോഴിക്കോട്: ഭീകരസംഘടനയായ ഐ.എസിനെക്കുറിച്ച് മോശമായി ഒന്നും പറയാത്തത് ഭയന്നിട്ടല്ലെന്ന് ഭീകരരുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാല്‍. മോശമായി പറയാന്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടവിലാക്കിയവരെക്കുറിച്ച് മോശമായി പറയാത്തതില്‍ പലര്‍ക്കും പരിഭവമുണ്ട്. മോശമായി പറയാന്‍ ഒന്നുമില്ല. അത് പേടിച്ചിട്ടോ ഏതെങ്കിലും സിന്‍ഡ്രോം ഉള്ളതിനാലോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കണ്‍മുന്നില്‍ വച്ചാണ് അവര്‍ രണ്ട് കന്യാസ്ത്രീകളെ കൊന്നത്. എന്നിട്ടും അവര്‍ തന്നെ ഒന്നും ചെയ്തില്ല. താന്‍ വിശ്വസിക്കുന്ന ദൈവം അവരുടെയുള്ളില്‍ സ്പര്‍ശിച്ചു എന്നാണ് അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വീഡീയോ ദൃശ്യങ്ങളില്‍ ശരീരം ക്ഷീണിച്ചതായി കാണുന്നത് പ്രമേഹമുള്ളതുകൊണ്ടാണ്. ഭീകരരുടെ കസ്റ്റഡിയില്‍ ഇരിക്കെ ഒരിക്കല്‍പോലും പട്ടിണി കിടക്കാന്‍ അവര്‍ അനുവദിച്ചിട്ടില്ല. പേടിക്കേണ്ട എന്നു പറഞ്ഞാണ് അവര്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങിയത്. അവര്‍ പറയാന്‍ പറഞ്ഞ കാര്യങ്ങളാണ് വീഡിയോയില്‍ പറഞ്ഞത്. അല്ലാതെ അവര്‍ ചെയ്ത ദ്രോഹം താന്‍ മറച്ചുവച്ച് സംസാരിച്ചതല്ലെന്നും ടോം ഉഴുന്നാല്‍ പറഞ്ഞു.
ഒരു രാജ്യത്തിനും യുദ്ധത്തിലൂടെ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ തീവ്രവാദത്തെയും ബോംബുകളും ബുള്ളറ്റുകളും ഉപയോഗിച്ച് തുടച്ചുമാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാമതത്തില്‍പ്പെട്ട വിശ്വാസികളുടെയും പ്രാര്‍ത്ഥനയാണ് തന്റെ മോചനത്തിലേക്കു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. “എന്നെ പെട്ടെന്ന് മോചിപ്പിക്കാനും എന്റെ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി” അദ്ദേഹം പറഞ്ഞു.
മാനവനന്മയ്‌ക്കെതിരെയാണ് വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇന്ത്യയുടെ നല്ല അന്താരാഷ്ട്ര ബന്ധങ്ങളാണ് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ സഹായിച്ചതെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.