ആലപ്പുഴ: കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കൃത്രിമ രേഖകളുണ്ടാക്കി കാര്‍ഷികവായ്പ തട്ടിയ കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമങ്കരിയിലുള്ള കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഫാ. പീനിയാക്കലിനെ അറസ്റ്റു ചെയ്തത്.
കേസില്‍ മൊഴിയെടുക്കാന്‍ അന്വേഷണസംഘം പലതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ഇദ്ദേഹം. മുന്‍കൂര്‍ ജാമ്യത്തിനായി ഫാ.പീലിയാനിക്കല്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അപേക്ഷ പരിഗണിക്കുകയും ചെയ്തിരുന്നെങ്കിലും, രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിരുന്നില്ല.
ചോദ്യം ചെയ്യാനാണ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതെന്നും, എല്ലാ കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ അറസ്റ്റ് നിലനില്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജരേഖകള്‍ ചമയ്ക്കുകയും, ഈ രേഖകളുപയോഗിച്ച് ആലപ്പുഴയിലെ പല ബാങ്കുകളില്‍ നിന്നായി കാര്‍ഷിക വായ്പകള്‍ തട്ടിയെടുക്കുകയും ചെയ്തതാണ് ഫാ. തോമസ് പീലിയാനിക്കലിനെതിരെയുള്ള കേസ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇദ്ദേഹത്തെ പ്രതിചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍.സി.പി. നേതാവ് അഡ്വ. റോജാ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരി ത്രേസ്സ്യാമ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്ത് ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസില്‍ കൊണ്ടുവന്ന ശേഷം ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.