| Wednesday, 30th November 2022, 8:19 pm

വികാര വിക്ഷോഭത്തില്‍ സംഭവിച്ച നാക്കുപിഴ, ഖേദിക്കുന്നു: ഫാ. തിയോഡോഷ്യസ് ഡിക്രൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. തിയോഡോഷ്യസ് ഡിക്രൂസ്. വികാര വിക്ഷോഭത്തില്‍ സംഭവിച്ച നാക്കുപിഴയാണെന്നാണ് പരാമര്‍ശം പിന്‍വലിച്ചുകൊണ്ട് ഫാ. തിയോഡോഷ്യസ് പറഞ്ഞത്. വിശദീകരണ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന് മന്ത്രി പറഞ്ഞെന്നും അത് തന്നിലുണ്ടാക്കിയ വികാര വിക്ഷോഭത്തിലാണ് പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാക്കുകള്‍ സമുദായ ചേരിതിരിവിന് ഇടയാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന പരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

‘ഒരു നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട ഈ അവസരത്തില്‍ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നു,’ ഫാ. തിയോഡോഷ്യസിന്റെ കുറിപ്പില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ അംഗീകരിക്കാന്‍ രാജ്യസ്‌നേഹമുള്ള ആര്‍ക്കും കഴിയില്ലെന്ന് വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രചാരണാര്‍ത്ഥം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതേ കുറിച്ചുള്ള 24 ന്യൂസിന്റെ ചോദ്യത്തോട് നല്‍കിയ പ്രതികരണത്തിലാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നത്.

‘അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. എന്നാല്‍ ആ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്.

രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന സംഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകും അബ്ദുറഹിമാനേ. അബ്ദുറഹിമാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് ഞങ്ങളില്‍ 124 മത്സ്യത്തൊഴിലാളികള്‍ക്ക് നിഷ്‌കരുണം അടിയേറ്റത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹിമാനെ പോലെ ഏഴാംകൂലി മന്ത്രിമാരൊന്നും ഇവിടെ ഭരിക്കില്ലായിരുന്നു,’ എന്നായിരുന്നു ഫാ. തിയോഡോഷ്യസിന്റെ വാക്കുകള്‍.

ഇതിന് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു ഫാദറിനെതിരെ ഉയര്‍ന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് ഫാദറിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഫാ. ഡിക്രൂസ് പരാമര്‍ശം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും മുന്‍ മന്ത്രി കെ.ടി. ജലീലടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ഫാ. തിയോഡോഷ്യസ് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐയും പ്രസ്താവനയിറക്കിയിരുന്നു.
വര്‍ഗീയ പരാമര്‍ശത്തില്‍ ഫാ. തിയോഡോഷ്യസിനെതിരെ ഐ.എന്‍.എല്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

ഇത്തരത്തില്‍ ശക്തമായ വിമര്‍ശനങ്ങളും എതിര്‍പ്പും ഉയര്‍ന്നതിന് പിന്നാലെ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് വിഴിഞ്ഞം സമരസമിതി പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമര്‍ശം മാത്രമാണെന്നാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമിതി പ്രതിനിധികള്‍ പറഞ്ഞിരുന്നു.

പരാമര്‍ശത്തില്‍ ഫാ.ഡിക്രൂസ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച  വിവാദങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്ന് ലത്തീന്‍ അതിരൂപതയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഐ.എന്‍.എല്‍ നല്‍കിയ പരാതിയില്‍ ഫാ.തിയോഡോഷ്യസിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് വിവിധ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: Fr. Theodacious D’Cruz withdraws his statement against  V Abdurahiman

We use cookies to give you the best possible experience. Learn more