യു.എസിലെ ഫോറന്‍സിക് സ്ഥാപനമായ ആഴ്സണല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടിലാണ് സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള പ്രധാന തെളിവുകളായി എന്‍.ഐ.എ ഉയര്‍ത്തിക്കാണിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ഈ സംഭവം നേരത്തെ തന്നെ ഫാ.സ്റ്റാന്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ലാപ്ടോപ്പിലുണ്ടായിരുന്നതായി അന്വേഷണ എജന്‍സി സമര്‍പ്പിച്ചിരിക്കുന്ന 44 രേഖകള്‍ ഹാക്ക് ചെയ്ത് പ്ലാന്റ് ചെയ്തതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്റ്റാന്‍ സാമി ഇതേക്കുറിച്ച് പറയുന്ന വീഡിയോയാണ് ട്വിറ്റര്‍ അടക്കമുള്ള
സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തന്റെ കമ്പ്യൂട്ടറില്‍ നിന്നെടുത്ത് എന്‍.ഐ.എ കാണിച്ചതെന്ന് പറയപ്പെടുന്ന രേഖകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സ്റ്റാന്‍ സ്വാമി ഒരു വീഡിയോ സന്ദേശത്തിലൂടെ പറയുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ളതാണ് ഈ വീഡിയോ.
‘മാവോയിസ്റ്റുകളുടെ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളാണ് അവര്‍(എന്‍.ഐ.ഐ) എന്റെ ലാപ് ടോപ്പില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്നത്. അതിലേക്കാണ് എന്റെ പേര് വലിച്ചിഴച്ചത്.
ഇതിലെ സന്ദേശങ്ങള്‍ ആര്, ആര്‍ക്കയച്ചു. അതയച്ച തിയതി, അതിലെ ഒപ്പ് എന്നതിനൊയൊക്കെ സംബന്ധിച്ച് ഞാന്‍ അവരോട് തിരിച്ചുചോദിച്ചു. എന്നാല്‍ ഇതൊന്നും തന്നെ അതിലില്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്കെതിരായ ആരോപണങ്ങളെ ഞാന്‍ നിഷേധിക്കുകയാണ്,’ എന്നാണ് 47 സെക്കന്റുള്ള വീഡിയോയില്‍ സ്റ്റാന്‍ സ്വാമി പറയുന്നത്.
“Stan Swamy in his last statement clearly said that the so-called extracts allegedly taken from his computer & shown to him by the NIA were fabricated & that he disowned them. The latest Arsenal report again exposes the fabricated BK case”@JharkhandJanad1pic.twitter.com/75jFI6Ym1Q
ചൊവ്വാഴ്ച യു.എസിലെ ഫോറന്‍സിക് സ്ഥാപനമായ ആഴ്സണല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന അതേ കാര്യം സ്റ്റാന്‍ സാമി അന്നേ പറഞ്ഞിരുന്നെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ചോദിക്കുന്നത്.
നെറ്റ്‌വെയര്‍ എന്ന മാല്‍വെയര്‍ ഉപയോഗിച്ചാണ് ഹാക്കര്‍ 2014 ഒക്ടോബര്‍ 19ന് ലാപ്ടോപ്പിലേക്ക് കടന്നുകയറിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ലാപ്ടോപ്പില്‍ നടക്കുന്ന ആക്ടിവിറ്റികളെല്ലാം നിരീക്ഷിക്കുക, പല ഡോക്യുമെന്റുകളും പ്ലാന്റ് ചെയ്യുക എന്നിവയായിരുന്നു ഈ ഹാക്കര്‍ പ്രധാനമായും ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നേരത്തെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ റോണ വില്‍സണിനെതിരെയുള്ള രേഖകളും ഇത്തരത്തില്‍ കെട്ടിച്ചമച്ചതാണെന്ന് വിവിധ ഏജന്‍സികളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത് കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ എട്ടിനായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ
സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയായിരുന്നു അറസ്റ്റ്.
2021 ജൂലൈ അഞ്ചിന് മുംബൈയിലെ ആശുപത്രിയില്‍വെച്ച് ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. കേസില്‍ ജയിലിലായിരിക്കെ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു അന്ത്യം.
പാര്‍ക്കിന്‍സണ്‍ രോഗവും മറ്റ് വാര്‍ധക്യ കാല അവശതകളും കാരണം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. മരണത്തിന് പിന്നാലെ തന്നെ അന്താരാഷ്ട്ര തലത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.