അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോഗെയ്ന്‍വില്ല. സിനിമയിലെ ഒരു പ്രൊമോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു.
പിന്നാലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാര്‍ അല്‍മായ ഫോറം ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികള്‍ക്ക് അപമാനമാണെന്നും ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു അവരുടെ ആരോപണം.
ഇപ്പോള്‍ ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും ബിംബങ്ങളെയും അധിക്ഷേപിച്ച് അരി വാങ്ങാന്‍ ആഗ്രഹിക്കുന്ന കുറേ സംവിധായകരും നടന്മാരും മലയാളത്തില്‍ ഉണ്ടാകുന്നുവെന്ന് പറയുകയാണ് ഫാദര്‍ റോയ് കണ്ണന്‍ചിറ. സ്തുതി എന്ന പാട്ടിലൂടെ എല്ലാവര്‍ക്കും താത്പര്യമുള്ള നടന്മാരും അമല്‍ നീരദും എന്തിനാണ് ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്നതെന്നും ആക്ഷേപിക്കുന്നതെന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
‘ഈ അടുത്ത കാലത്ത് ക്രൈസ്തവമായ വിശ്വാസത്തെയും മൂല്യങ്ങളെയും ക്രിസ്തീയമായ ബിംബങ്ങളെയുമൊക്കെ അധിക്ഷേപിച്ച് അരി മേടിക്കാന്‍ ആഗ്രഹിക്കുന്ന കുറേ സംവിധായകരും നടന്മാരും മലയാളത്തില്‍ ഉണ്ടാകുന്നു എന്നത് വലിയ ദുഖകരമായ കാര്യമാണ്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തെ മലയാള സിനിമയുടെ കഥ നോക്കിയാല്‍ ചില സിനിമകളുടെ ശീര്‍ഷകം തന്നെ ക്രൈസ്തവ വിശ്വാസത്തെ ആക്ഷേപിക്കുന്നതാണ്.
ഏത് സംവിധായകരും നിര്‍മാതാക്കളുമാണോ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തത്, അതിന് സമാന സ്വഭാവമുള്ള സംവിധായകരും നടന്മാരുമൊക്കെ ചില ഇതര മതവിശ്വാസങ്ങളെ പ്രകീര്‍ത്തിക്കാനും ബിംബങ്ങളെ പൊതുസമൂഹ മനസില്‍ പുനപ്രതിഷ്ഠിക്കാനുമുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്.
സിനിമയെന്ന മാധ്യമത്തിലൂടെ ഇത് രണ്ടും സാധ്യമാകുമെന്ന് നമ്മള്‍ മനസിലാക്കുകയാണ്. അതായത് നിലനില്‍ക്കുന്ന ചില ബിംബങ്ങളെയും സംസ്‌കാരത്തെയും തകര്‍ക്കാന്‍ കഴിയുമ്പോള്‍ തന്നെ ബോധപൂര്‍വമായ ചില പരിശ്രമത്തിലൂടെ പൊതുസമൂഹത്തില്‍ ചില ബിംബങ്ങള്‍ പുനസ്ഥാപിക്കാനും സാധിക്കും.
അത് വഴി ചില മൂല്യങ്ങള്‍ തെറ്റാണെങ്കിലും, അത് ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ കഴിയും. ഇവിടെ ബോഗെയ്ന്‍വില്ല എന്ന സിനിമയിലെ പ്രൊമോ സോങ്ങിലൂടെ മലയാളത്തില്‍ എല്ലാവര്‍ക്കും താത്പര്യമുള്ള നടന്മാരും പ്രാഗല്‍ഭ്യം തെളിയിച്ച അമല്‍ നീരദ് എന്ന സംവിധായകനുമൊക്കെ എന്തിനാണ് ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്നതെന്നും ആക്ഷേപിക്കുന്നതെന്നും ഞങ്ങള്‍ക്ക് മനസിലാകുന്നില്ല,’ ഫാദര്‍ റോയ് കണ്ണന്‍ചിറ പറയുന്നു.
Content Highlight: Fr Roy Kannanchira Talks About Bougainvillea Movie Song