കൊച്ചി: ക്രിസ്ത്യന്‍ മതമൗലിക വാദത്തിനെതിരായ പ്രസംഗത്തിന്റെ പേരില്‍ ഫാദര്‍ ജയിംസ് പനവേലിലിന് ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയും ഫോണില്‍വിളിച്ചുമാണ് ഭീഷണി. വരാപ്പുഴയിലെ പള്ളിയില്‍ നേരിട്ടെത്തിയും ചിലര്‍ ഭീഷണി മുഴക്കി.
സ്വാതന്ത്ര്യദിനത്തില്‍ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗമാണ് ഫാദര്‍ ജെയിംസ് പനവേലിലിനെതിരെയുള്ള ആക്രമണത്തിന് കാരണം. തീവ്രമത ചിന്തയും വിഭാഗീതയതും ക്രൈസ്തവ മൂല്യത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു പ്രസംഗം.
വിവിധ വിഷയങ്ങളിലെ തീവ്രപ്രതികരണങ്ങളാണ് ക്രിസംഘിയെന്ന വിലയിരുത്തലിന് കാരണമെന്നും ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈദികന്റെ ഈ പ്രസംഗം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഏറ്റെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണവും ഭീഷണിയും രൂക്ഷമായത്.
അതേസമയം ക്രൈസ്തവ മൂല്യം ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലാണ് ഫാദര്‍ ജയിംസ് പനവേലില്‍. വൈദികനെന്ന നിലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ജയിംസ് പനവേലില്‍ പറഞ്ഞു.
സഹിഷ്ണുതയില്ലാത്ത കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ഏതൊരു കാര്യത്തിലും അസഹിഷ്ണുത വളരുകയാണെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജയിംസ് പനവേലില്‍ പറഞ്ഞിരുന്നു.
ഈശോ സിനിമയ്‌ക്കെതിരായ പ്രചരണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞിയിരുന്നു വൈദികന്റെ പ്രസംഗം. നേരത്തേ ആമേന്‍, ഈ.മ.യൗ, ഹല്ലേലൂയ എന്നീ സിനിമകള്‍ ഇറങ്ങിയപ്പോഴൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇപ്പോള്‍ വാളെടുത്തിറങ്ങിയിരിക്കുകയാണ് എന്നായിരുന്നു വൈദികന്റെ വിമര്‍ശനം.
ഇത് കാരണം സമൂഹമാധ്യമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ക്രിസംഘി എന്ന പേര് വീണുവെന്നും അത് സ്വഭാവം കൊണ്ടു കിട്ടിയ പേരാണെന്നും പണ്ടൊന്നും ഇങ്ങനെയായിരുന്നില്ലെന്നും ഫാ. ജയിംസ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയാണ് ഫാ. ജയിംസ് പനവേലില്‍.