| Tuesday, 24th August 2021, 9:07 am

സ്വഭാവം കൊണ്ടാണ് ക്രിസ്ത്യാനികളെ ക്രിസംഘികളെന്ന് വിളിക്കുന്നത്; ഈശോ സിനിമയുമായി ബന്ധപ്പെട്ട് നടന്നത് സമുദായവാദം മാത്രമെന്നും ഫാ. ജയിംസ് പനവേലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കമാലി: ഈശോ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കവേ ക്രിസത്യന്‍ മതമൗലികവാദത്തെ രൂക്ഷമായി വിമര്‍ശിച്ച് വൈദികന്‍. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററായ ഫാ. ജയിംസ് പനവേലിലാണ് ക്രിസത്യാനികള്‍ ഇന്ന് ക്രിസംഘി എന്നാണ് അറിയപ്പെടുന്നതെന്ന വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

നേരത്തെ ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ചേരുന്ന പേരുകള്‍ സിനിമക്ക് ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത വിധം ഇന്ന് ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കുകയാണെന്നും ഫാ. ജയിംസ് പനവേലില്‍ പറഞ്ഞു. പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടയിലാണ് അദ്ദേഹം വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഈ.മ.യൗ, ആമേന്‍, ഹല്ലേലുയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്.

അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ടു കിട്ടിയ പേരാണെന്നും പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ലെന്നും ഫാ. ജയിംസ് പറഞ്ഞു.

‘മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല.

ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്‌നേഹിക്കലാണ്,’ ഫാ. ജയിംസ് പറഞ്ഞു.

ഫാ. ജയിംസ് പനവേലിലിന്റെ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നിരവധി പേരാണ് പ്രസംഗത്തിന് പിന്തുണയുമായെത്തിയത്.

ജയസൂര്യ നായകനാകുന്ന സിനിമയുടെ ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം മതയാഥാസ്ഥിതികരുടെ വാദം.

ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്‌ക്കെതിരെയും ടൈറ്റിലിനെതിരെയും വിദ്വേഷ പ്രചരണം ആരംഭിച്ചത്. സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാസഭയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നായിരുന്നു ഇവര്‍ അഭിപ്രായപ്പെട്ടത്.

സിനിമ തിയേറ്ററില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജടക്കമുള്ളവര്‍ ഭീഷണി മുഴക്കിയിരുന്നത്. തികച്ചും വര്‍ഗീയമായ പ്രസ്താവനകളായിരുന്നു പി.സി. ജോര്‍ജിന്റെ ഭാഗത്തു നിന്നും വിഷയത്തിലുണ്ടായതെന്ന് വ്യാപകവിമര്‍ശവുമുയര്‍ന്നിരുന്നു.

ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു കത്തോലിക്ക സഭയിലെ ഒരു വിഭാഗം ഉന്നതനേതൃത്വത്തിന്റെയടക്കം നിലപാട്.

ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രിസ്ത്യാനികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്നായിരുന്നു സീറോ മലബാര്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്.

എന്നാല്‍ സിനിമയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തിയിരുന്നു. ഒരു സിനിമക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്ത് കുഴപ്പമാണ് സംഭവിക്കുകയെന്നായിരുന്നു മിലിത്തിയോസ് മെത്രാപ്പൊലീത്ത ചോദിച്ചത്.

നാദിര്‍ഷായെ പിന്തുണച്ച് സിനിമാരംഗത്തുള്ള നിരവധി പേരും എത്തിയിരുന്നു. ഈശോ സിനിമക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഫെഫ്കയും മാക്ടയും അറിയിച്ചിരുന്നു.

സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നായിരുന്നു മാക്ട ചൂണ്ടിക്കാട്ടിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണെന്നും മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്നും സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണെന്നും മാക്ട പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Fr. James Panavelil against christian extreme groups in Eesho movie controversy

We use cookies to give you the best possible experience. Learn more