ഐഫോണ്‍ നിര്‍മാണം; ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കാതെ ആപ്പിള്‍ വിതരണക്കാര്‍
national news
ഐഫോണ്‍ നിര്‍മാണം; ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കാതെ ആപ്പിള്‍ വിതരണക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 11:03 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണത്തിനായി വിവാഹിതരായ സ്ത്രീകളെ നിയമിക്കാന്‍ വിസമ്മതിച്ച് ഫോക്സ്‌കോണ്‍. സ്ത്രീകള്‍ നേരിടുന്ന വിവാഹാനന്തര പ്രശ്‌നങ്ങളാണ് അപേക്ഷകള്‍ നിരസിക്കുന്നതിന് കമ്പനി നല്‍കുന്ന വിശദീകരണം. ആപ്പിളിന്റെ പ്രധാന വിതരണക്കാരാണ് ഫോക്സ്‌കോണ്‍.

ഐഫോണ്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ നിയമിക്കപ്പെടുന്നില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് വിവാഹിതരായ സ്ത്രീകളുടെ ഹാജര്‍നില വളരെ കുറവാണ്. ഇതിനുകാരണം വര്‍ധിച്ചുവരുന്ന കുടുംബ ഉത്തരവാദിത്തങ്ങള്‍, ഗര്‍ഭധാരണം തുടങ്ങിയവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജനുവരിക്കും 2024 മെയ് മാസത്തിനും ഇടയിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.

Also Read: കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലുള്ള ഐഫോണ്‍ നിര്‍മാണ സ്ഥാപനം മുന്‍ഗണന നല്‍കുന്നത് താലിമാല ധരിക്കാത്ത സ്ത്രീകളെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്ടില്‍ ഫോക്സ്‌കോണ്‍ ജീവനക്കാരെ നിയമിക്കുന്നതും തെരഞ്ഞെടുക്കുന്നതും ഏജന്‍സികള്‍ വഴിയാണ്.

Also Read: രാജ്യവ്യാപകമായി ജാതി സെൻസെസ് നടത്തണം; പ്രമേയം പാസാക്കാനൊരുങ്ങി സ്റ്റാലിൻ

ഈ ഏജന്‍സികള്‍ തമിഴ്‌നാട് സര്‍ക്കാരില്‍ ഫോക്സ്‌കോണിന്റെ ഔദ്യോഗിക നിയമന ഏജന്‍സികളായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഏജന്‍സികള്‍ മുഖേന അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയാണ് കമ്പനിയില്‍ നിയമിക്കുന്നത്. ഇതടക്കമുള്ള നിയമന നിയമങ്ങള്‍, കമ്പനിയുടെ എക്സിക്യൂട്ടീവുകള്‍ അവരുടെ ഇന്ത്യന്‍ നിയമന ഏജന്‍സികളെ അറിയിച്ചതായി മുന്‍ ഫോക്സ്‌കോണ്‍ ഹ്യൂമന്‍ റിസോഴ്സ് എക്സിക്യൂട്ടീവായ എസ്. പോള്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Also Read: ഫലസ്തീനി യുവാവിനെ മനുഷ്യ കവചമാക്കി ഇസ്രഈലിന്റെ ക്രൂരത; ഞെട്ടൽ അറിയിച്ച് യു.എസ്

അതേസമയം റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഫോക്സ്‌കോണ്‍ രംഗത്തെത്തി. തങ്ങളുടെ തൊഴിലിടങ്ങളില്‍ യാതൊരു വിധത്തിലുള്ള ലിംഗപരമായ ഒരു വിവേചനവും ഇല്ലെന്ന് ഫോക്സ്‌കോണ്‍ പ്രതികരിച്ചു. അടുത്തിടെ ജോലിക്കെടുത്ത സ്ത്രീകളില്‍ 25 ശതമാനവും വിവാഹിതരാണെന്നും ഇവര്‍ക്ക് ജോലിസ്ഥലത്ത് താലിമാല ധരിക്കാനുള്ള അനുവാദമുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ആപ്പിള്‍ ഇതുവരെ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ചിട്ടില്ല.

Content Highlight: Foxconn refuses to hire married women to make iPhones in India