| Friday, 11th January 2019, 11:41 pm

കേരളത്തെ അങ്ങേയറ്റം വെറുപ്പായിരുന്നു; ഇപ്പോള്‍ എനിക്ക് ഈ നാട് ഇഷ്ടമാണ് : ഫൗസിയ ഹസ്സന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:കേരളത്തെ അങ്ങേയറ്റം വെറുപ്പായിരുന്നുവെന്ന് ചാരക്കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ഫൗസിയ ഹസ്സന്‍. ഇന്ത്യയില്‍ വരാന്‍ പേടി തോന്നിയില്ല. ഇവിടുത്തെ ആളുകളിലേക്കും നീതിയിലേക്കും ഇതൊരു വാതില്‍ ആയി മാറുമെന്നാണ് തോന്നിയതെന്നും അവര് പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഫൗസിയ.

എനിക്കു നമ്പി നാരായണനെയും രമണ്‍ സ്രീവാസ്തവയെയും അറിയില്ല. അവരുടെ പേരുകള്‍ തെറ്റാതെ പറയാന്‍ പോലും എനിക്ക് ബുദ്ധിമുട്ടായിരുന്നു.

എന്റെ മകളെ ബാലാല്‍സംഗം ചെയ്യുമെന്നും അവളെ നായകള്‍ക്ക് ഇട്ടുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് കീഴടങ്ങേണ്ടിവന്നു. അവര്‍ പറയുന്നതൊക്കെ ഞാന്‍ അനുസരിച്ചു.

അന്വേഷണ സംഘം ചോദ്യംചെയ്യുമ്പോള്‍ ഞാന്‍ നമ്പി നാരായണന്റെ പേര് മറന്നുപോയി. അവര്‍ നമ്പി നാരായണന്റെ പേരുള്ള ഒരു പേപ്പര്‍ വായിക്കാന്‍ തന്നു. ഇതു പിന്നീട് കേസിലെ സുപ്രധാന വഴിത്തിരിവായിരുന്നു. സി.ബി.ഐ ഇതു പരിശോധിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Also Read:  രാഹുല്‍ ഗാന്ധിക്ക് യു.എ.ഇയില്‍ ഗംഭീര വരവേല്‍പ്; ദുബായി ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത് പതിനായിരങ്ങള്‍: ഉജ്ജ്വല സ്വീകരണവുമായി പ്രധാനമന്ത്രി

ഐ.ബി ചോദ്യം ചെയ്യുന്നതിന്റെ അവസാന ഘട്ടത്തില്‍ സത്യം വെളിപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഒരു ഓഫീസര്‍ എന്നോട് പറഞ്ഞു നിങ്ങള്‍ ആദ്യത്തെ പ്രസ്താവനയില്‍ നിന്നും മാറ്റിപ്പറഞ്ഞാല്‍ എന്റെ കുടുംബം തകരും. എന്റെ ഭാര്യയെയും കുട്ടികളെയും അത് ബാധിക്കും എന്ന്.

പാകിസ്താനുമായി ബന്ധമുണ്ടെന്ന് അവര്‍ വരുത്തിതീര്‍ത്തു. പല മുസ്ലിം പേരുകളും ഞാനുമായി കൂട്ടികെട്ടി പറഞ്ഞു. രാഷ്ട്രീയവും അസൂയവും എന്റെ അറസ്റ്റില്‍ പങ്കു വഹിച്ചിട്ടുണ്ടെന്നു എനിക്കു തോന്നുന്നുണ്ട്.

1978 മുതല്‍ മറിയം എന്റെ സുഹൃത്താണ്. എന്നോട് അവര്‍ കാണിച്ചത് പോലെ അവളേയും നിര്‍ബന്ധിച്ചതാവാം. പിന്നീട് മറിയം റഷീദ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളല്ല. ഞാന്‍ അവളില്‍ നിന്നും കുറച്ചു അകലം പാലിക്കുന്നുണ്ട്.

സംഭവിക്കാത്ത ഒരു കാര്യത്തെ കുറിച്ച് അവര്‍ തെളിവുകള്‍ കണ്ടെത്തിയത് എങ്ങനെയാണ്? എനിക്കറിയാമായിരുന്നു ഒരിക്കല്‍ ഞാന്‍ മോചിതയാകുമെന്ന്

ഉറുമ്പ് എന്ന ഒറ്റ വാക്ക് മാത്രമാണ് ഞാന്‍ മലയാളത്തില്‍ നിന്നും പഠിച്ചത്. ഉറുമ്പ് വരുമെന്ന് പറഞ്ഞു ഞങ്ങള്‍ റൂമില്‍ ഭക്ഷണം സൂക്ഷിക്കില്ലായിരുന്നു.

ഗാര്‍ഡുകള്‍ എന്നെ ബ്ലഡി എന്ന് വിളിക്കുമ്പോള്‍ അന്ന് ഞാന്‍ ബ്ലഡി ബ്ലഡി കേരള എന്ന് മറുപടി പറയുമായിരുന്നു. ആയിരം തവണ ബ്ലഡിയാണ് കേരളം എന്ന് ഞാന്‍ പറയും. ഇപ്പോള്‍ എനിക്ക് ഈ നാട് ഇഷ്ടമാണ്. സന്തോഷമുള്ളവരെ കാണാന്‍ എനിക്ക് ഇഷ്ടമാണ്.

We use cookies to give you the best possible experience. Learn more