ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ മത്സരരംഗത്തുള്ളത് 945 സ്ഥാനാര്‍ഥികളാണ്. വിധി നിര്‍ണയിക്കുന്നത് 12.79 കോടി ജനങ്ങളും.
നിര്‍ണായക സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലുള്‍പ്പെടെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (17), രാജസ്ഥാന്‍ (13), ബംഗാള്‍ (8), മധ്യപ്രദേശ് (6), ഒഡിഷ (6), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3), ജമ്മുകശ്മീര്‍ (1) സംസ്ഥാനങ്ങളിലും വോട്ടെടുപ്പുണ്ടാകും.
അതേസമയം ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലും തിങ്കളാഴ്ച തന്നെ വോട്ടെടുപ്പ് നടക്കും.
72 മണ്ഡലങ്ങളില്‍ എല്ലാവരുടെയും ശ്രദ്ധ ചെല്ലുന്ന മണ്ഡലങ്ങളിലൊന്നാണ് സി.പി.ഐ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ മത്സരിക്കുന്ന ബെഗുസാരായ്. കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ്ങാണ് ഇവിടെ കനയ്യയുടെ എതിര്‍സ്ഥാനാര്‍ഥി. ആദ്യം കനയ്യക്കു പിന്തുണ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച ആര്‍.ജെ.ഡിയും ഇവിടെ ശക്തമായി രംഗത്തുണ്ട്. കനയ്യക്കുവേണ്ടി ജാവേദ് അക്തര്‍, ശബാന ആസ്മി, സ്വര ഭാസ്‌കര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയതോടെയാണു മണ്ഡലത്തില്‍ അട്ടിമറിപ്രതീക്ഷ ഉണര്‍ന്നതും ചര്‍ച്ചയായതും.
കശ്മീരില്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന അനന്ത്‌നാഗ് മണ്ഡലത്തില്‍ മൂന്നുഘട്ടമായേ വോട്ടെടുപ്പ് പൂര്‍ത്തിയാകൂ.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാഡയാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ മുഖ്യമന്ത്രി കമല്‍ നാഥിന്റെ ജനപ്രീതിയുടെ വിലയിരുത്താല്‍ കൂടിയാകും ചിന്ദ്വാഡയിലെ ഫലം. കഴിഞ്ഞ 40 വര്‍ഷമായി മണ്ഡലത്തിലെ എം.പിയായിരുന്ന കമല്‍ നാഥ് മുഖ്യമന്ത്രിയായതോടെയാണു സ്ഥാനമൊഴിഞ്ഞത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ, കോണ്‍ഗ്രസ് നേതാവ് പ്രിയാ ദത്ത് എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളും തിങ്കളാഴ്ചയാണ് പോളിങ് ബൂത്തിലെത്തുക.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കുന്ന കന്നൗജ്, വിവാദപരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് മത്സരിക്കുന്ന ഉന്നാവ് എന്നിവയാണ് ഉത്തര്‍പ്രദേശിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.
ബംഗാളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂണ്‍ മൂണ്‍ സെന്നും ഏറ്റുമുട്ടുന്ന അസന്‍സോള്‍ മണ്ഡലവും ഇതിനോടകം ദേശീയതലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
ഒഡിഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏഴുഘട്ടമായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത് ഏപ്രില്‍ 11-നാണ്. ആദ്യഘട്ടത്തില്‍ 69.45 ശതമാനം പോളിങ്ങും രണ്ടാംഘട്ടത്തില്‍ 69.43 പോളിങ്ങും രേഖപ്പെടുത്തിയപ്പോള്‍ കേരളമുള്‍പ്പെടെ പോളിങ് ബൂത്തിലെത്തിയ മൂന്നാംഘട്ടത്തില്‍ 66 ശതമാനം മാത്രമാണു രേഖപ്പെടുത്തിയത്.
മേയ് 23-നാണ് വോട്ടെണ്ണല്‍.