SHOCKING: ബംഗ്ലാദേശില്‍ വീണ്ടും മതേതര ബ്ലോഗറെ വെട്ടിക്കൊന്നു
Daily News
SHOCKING: ബംഗ്ലാദേശില്‍ വീണ്ടും മതേതര ബ്ലോഗറെ വെട്ടിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th August 2015, 3:38 pm

niloy

ധാക്ക: ബംഗ്ലാദേശില്‍ മറ്റൊരു മതേതര ബ്ലോഗര്‍ കൂടെ കൊല്ലപ്പെട്ടു. നിലോയ് നീല്‍ (40) ആണ് കൊല്ലപ്പെട്ടത്. ധാക്കയ്ക്ക് സമീപം ഗൊരാനില്‍ നിലോയ് നീല്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തിയാണ് അക്രമി സംഘം അദ്ദേഹത്തെ വെട്ടിക്കൊന്നത്.

സെക്കുലര്‍ എഴുത്തുകളുടെ പേരില്‍ അദ്ദേഹത്തിനെതിരായി തീവ്രവാദികള്‍ ഭീഷണി മുഴക്കിയിരുന്നു. ബംഗ്ലാദേശില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന നാലാമത്തെ മതേതര ബ്ലോഗറാണ് നിലോയ് നീല്‍.

1971ല്‍ ബംഗ്ലാദേശ് വിഭജന കാലത്ത് കലാപം നടത്തിയവര്‍ക്ക് വശശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഗണജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.

കഴിഞ്ഞ മെയ് മാസത്തില്‍ അനന്ദ ബിജോയ്, ഫെബ്രുവരിയില്‍ അവിജിത് റോയി, മാര്‍ച്ച് മാസത്തില്‍ വസീഖുറഹ്മാന്‍ എന്നീ ബ്ലോഗര്‍മാരായിരുന്നു മത മൗലികവാദികളുടെ ഭീകരതക്കിരയായിരുന്നത്.

2013ന് ശേഷമാണ് സംഘടന മതേതര എഴുത്തുകാരെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ തുടങ്ങിയത്. 2013ല്‍ അഹമ്മദ് റാജിബ് ഹൈദര്‍ എന്ന ബ്ലോഗറെ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.

ബ്ലോഗര്‍മാരുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അന്‍സാറുല്ല ബംഗ്ലാ ടീമിനെ ബംഗ്ലാദേശ് നിരോധിച്ചിരുന്നു. സംഘടനയുടെ നേതാവായ മുഫ്തി ജാസിമുദ്ദീന്‍ റഹ്മാനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.