പാട്ന: ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗയ ജില്ലയിലെ ഗുള്‍സ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. ബീഹാറില്‍ നാലാഴ്ചക്കിടെ തകര്‍ന്നു വീഴുന്ന പതിനാലാമത്തെ പാലമാണ് ഇത്.
ഭഗ്വതി ഗ്രാമത്തെയും ശര്‍മ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നിരിക്കുന്നത്. ഗയയിലെ പാല തകര്‍ച്ച ജനങ്ങളെ വലച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബീഹാറിലെ പാല തകര്‍ച്ച പരമ്പരയായി തുടരുന്ന സാഹചര്യത്തിലാണ് സംഭവം.
സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈ പത്തിനാണ് ബീഹാറില്‍ പതിമൂന്നാമത് പാലം തകര്‍ന്നുവീണത്. മഹിഷി ഗ്രാമത്തിലെ പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയും 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സര്‍വേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. പാലം പരിപാലിക്കുന്നതിന് വേണ്ടി മാത്രം ബീഹാര്‍ ഒരു പ്രത്യേക നയവും നടപ്പിലാക്കിയിരുന്നു. ഇത്തരത്തില്‍ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബീഹാര്‍.
ബീഹാറിലെ പാല തകര്‍ച്ച ഭരണകക്ഷിക്കെതിരായ പ്രധാന ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ആര്‍.ജെ.ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രൂക്ഷ വിമര്‍ശനമാണ് നിതീഷ് കുമാറിനെതിരെ ഉയര്‍ത്തിയത്. പൊളിഞ്ഞ പാലത്തില്‍ നിന്നുകൊണ്ട് വോട്ട് പിടിക്കാനാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്നാണ് തേജസ്വി പറഞ്ഞത്.
Content Highlight: Fourteenth bridge collapse in Bihar in four weeks