ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് ഇന്ത്യൻ താരങ്ങളിൽ ചിലരുടെ അവസാനത്തെ ടൂർണമെന്റ് കൂടിയായിരിക്കുമെന്ന പ്രത്യേകതയുണ്ട്. ടൂർണമെന്റ് അവസാനിച്ചാൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് സൂചന. രോഹിത് ശർമ, ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, രവിചന്ദ്രൻ അശ്വിൻ എന്നീ നാല് താരങ്ങൾ ലോകകപ്പിന് ശേഷം ടി-20യിൽ കളിക്കാൻ സാധ്യതയല്ലെന്നാണ് റിപ്പോർട്ട്.
2024 ടി-20 ലോകകപ്പ് ലക്ഷ്യമിട്ട് യുവനിരയെ വാർത്തെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. അതിനായി പുതിയ താരങ്ങളെ ടീമിലേക്ക് റിക്രൂട്ട് ചെയ്യാനും സാധ്യതയുണ്ട്.
ലോകകപ്പിന് ശേഷം ഇന്ത്യക്കായി ടി-20യിൽ അരങ്ങേറാനിടയുള്ള നാലു കളിക്കാരിൽ ആദ്യത്തെയാൾ മൊഹ്സിൻ ഖാനാണ്. കഴിഞ്ഞ ഐ.പി.എല്ലിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.
കന്നി സീസണിൽ തന്നെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഫാസ്റ്റ് ബൗളറാണ് മൊഹ്സിൻ ഖാൻ. ഇടംകൈയൻ ഫാസ്റ്റ് ബൗളറായ അദ്ദേഹം പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമായിരുന്നു. മികച്ച ഇക്കോണമി റേറ്റിൽ ബൗൾ ചെയ്യുന്നതിനൊപ്പം വിക്കറ്റുകളും വീഴ്ത്തിയതോടെയാണ് മൊഹ്സിൻ കൈയടി നേടിയത്.
ബൗളിങ്ങിലെ മികവിന് പുറമെ ഡെത്ത് ഓവറുകളിൽ വേരിയേഷനുകളിലൂടെ ബാറ്റർമാരെ സമ്മർദത്തിലാക്കാനും അദ്ദേഹത്തിനു കഴിയും. ഐ.പി.എല്ലിനു ശേഷം പരിക്ക് വില്ലനായിരുന്നില്ലെങ്കിൽ മൊഹ്സിൻ ഇതിനകം തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത് സാന്നിധ്യമറിയിച്ച താരമാണ് യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. എന്നാൽ ടി-20യിൽ അദ്ദേഹത്തിനിനിയും അരങ്ങേറാൻ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമ ടി-20യോടു വിടപറഞ്ഞാൽ പകരം ഈ സ്ഥാനത്തേക്കു വരാൻ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങളിലൊരാൾ കൂടിയാണ് ഗിൽ.
കഴിഞ്ഞ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിച്ച അദ്ദേഹം ഓപ്പണറായി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഫൈനലിലുൾപ്പെടെ ഗിൽ വളരെ അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്ചവച്ചത്. മൂവിങ് ബോളുകൾ നേരിടുന്നതിൽ മാത്രമാണ് ഗില്ലിനു ചെറിയൊരു വീക്നെസുള്ളത്. അതുകൂടി പരിഹരിച്ചാൽ മൂന്നു ഫോർമാറ്റുകളിലും താരം സ്ഥിരം സാന്നിധ്യമായി മാറും.
മധ്യപ്രദേശിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ കുൽദീപ് സെന്നാണ് ഇന്ത്യക്കായി ടി-20 അരങ്ങേറ്റം നടത്താൻ സാധ്യതയുള്ള മൂന്നാമത്തെയാൾ. കഴിഞ്ഞ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി മികച്ച പ്രകടനങ്ങളെത്തുടർന്നാണ് കുൽദീപ് ശ്രദ്ധിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിൽ താരത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ലോകകപ്പിന് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് താരം എത്തുമെന്നുള്ള കാര്യ തീർച്ചയാണ്.
ഇന്ത്യൻ ടീമിലെത്താൻ സാധ്യതയുള്ള നാലാമത്തെയാൾ ഷാരൂഖ് ഖാനാണ്. കഴിഞ്ഞ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്റെ ഭാഗമായിരുന്നു താരം. എന്നാൽ ടൂർണമെന്റിൽ പ്രതീക്ഷിച്ചത് പോലെയൊരു ഇംപാക്ടുണ്ടാക്കാൻ ഷാരൂഖിനായില്ല. ഇതേ തുടർന്ന് പ്ലെയിങ് ഇലവനിൽ സ്ഥാനവും നഷ്ടമായി. എങ്കിലും ഷാരൂഖിന്റെ പ്രതിഭയുടെ കാര്യത്തിൽ ആർക്കും സംശയമില്ല. ടി-20യിൽ ഇന്ത്യയുടെ ഭാവി ഫിനിഷറുടെ റോളിലേക്കു വളർത്തിക്കൊണ്ടു വരാവുന്ന താരമാണ് ഷാരൂഖ്.
Content Highlights: Four young players are making their debut while four legends are stepping down through the T20 World Cup