| Saturday, 20th April 2013, 3:53 pm

തിരൂരില്‍ 3 വയസുകാരി പീഡിപ്പിക്കപ്പെട്ട കേസിലെ സാക്ഷിയും കുഞ്ഞും അന്യായ തടങ്കലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം:  തിരൂര്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുവെന്നാരോപിച്ചാണ് പോലീസ് സ്ത്രീയെയും കുഞ്ഞിനെയും കസ്റ്റഡിയിലെടുത്ത് കുറ്റകൃത്യം നടത്തിയവരെ പാര്‍പ്പിക്കുന്ന റസ്‌ക്യൂഹോമിലെ സെല്ലിലടച്ചത് വിവാദമാകുന്നു. []

തിരൂരില്‍ മൂന്നുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിലെ സാക്ഷിയായ സ്ത്രീയെയാണ് നാലുവയസ്സുകാരനായ കുഞ്ഞിനൊപ്പം പോലീസ് അനധികൃതമായി തടവിലിട്ടത്.

ഗുരുതരമായ മനുഷ്യാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കയാണ്.

തിരൂര്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുവെന്നാരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.  ഇത്തരം സംഭവങ്ങളില്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്ന സ്ത്രീകളെ മഹിളാ മന്ദിരത്തിലാണ് പാര്‍പ്പിക്കേണ്ടത്.

പ്രായപൂര്‍ത്തിയാവാത്തവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി തുടര്‍ നടപടികളെടുക്കുകയും വേണം. എന്നാല്‍ പോലീസ് കസ്റ്റഡിയിലെടുത്ത അമ്മയെയും കുഞ്ഞിനെയും നേരെ റസ്‌ക്യൂ ഹോമിലെത്തിക്കുകയായിരുന്നു.

പോലീസിന്റെ തന്നെ നിര്‍ദേശത്തില്‍ ഇവരെ സെല്ലില്‍ പൂട്ടുകയും ചെയ്തു. പോലീസ് പറയാതെ ഇവരെ വിട്ടയക്കരുതെന്ന് റസ്‌ക്യൂ ഹോം സൂപ്രണ്ടിന് തിരൂര്‍ സി.ഐ കത്ത് നല്‍കുകയും ചെയതു.

അതേസമയം തിരൂരില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍ സാക്ഷിയായി ഹാജരാക്കാന്‍ പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ജോലി എളുപ്പത്തിലാക്കാന്‍ ഇവരെ സെല്ലില്‍ പൂട്ടുകയായിരുന്നു.

മലപ്പുറം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്തും കമ്മിറ്റി അഗം നജ്മല്‍ ബാബുവും റസ്‌ക്യൂഹോമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഗുരുതരമായ മനുഷ്യാവകാശ ലംഘനം കണ്ടെത്തിയത്.

സംഭവം സി.ഡബ്ല്യു.സി സംസ്ഥാന ആഭ്യന്തരമന്ത്രിയുടെയും ദേശീയ ബാല അവകാശ സംരക്ഷണ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

വിഷയത്തില്‍ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ദേശീയ ബാല അവകാശസംരക്ഷണ കമ്മീഷന് കത്തയച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളെ അനധികൃതമായി തടവില്‍ പാര്‍പ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ഈ ഇടപെടല്‍ കുട്ടിയുടെ അവകാശം ലംഘിക്കുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more