കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന വ്യാജപ്രചരണം; സ്ത്രീകളെ വസ്ത്രാക്ഷേപം നടത്തി ആള്‍ക്കൂട്ടം
mob violence
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന വ്യാജപ്രചരണം; സ്ത്രീകളെ വസ്ത്രാക്ഷേപം നടത്തി ആള്‍ക്കൂട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 12:16 am

കല്‍ക്കട്ട: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന വ്യാജപ്രചരണത്തെ തുടര്‍ന്നുള്ള ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് തുടരുന്നു. പശ്ചിമ ബംഗാളിലെ ദ്വാകിമാരി ഗ്രാമത്തിലാണ് നാല് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ചത്.

ഇരുപത് മുതല്‍ അമ്പത് വയസുവരെ പ്രായമുള്ള സ്ത്രീകളായിരുന്നു ആക്രമണത്തിനിരയായത്. ക്രൂരമായ മര്‍ദ്ദനത്തിന് പുറമെ രണ്ട് പേരുടെ വസ്ത്രങ്ങള്‍ വലിച്ചൂരുകയും ചെയ്തു.

ജനക്കൂട്ടം ആക്രമിച്ച സ്ത്രീകള്‍ ആ നാട്ടില്‍ നിന്നുള്ളവരല്ലായിരുന്നുവെന്നും ഇവരുടെ മറുപടികളില്‍ സംതൃപ്തരല്ലാതിരുന്ന ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

പൊലീസ് എത്തിയാണ് നാല് പേരെയും രക്ഷിച്ച് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലാക്കിയത്.


“എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സമ്മതിക്കുന്നു, എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം, ഞാന്‍ തെറ്റു ചെയ്തുപോയി”; ആള്‍വാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ തെറ്റ് ഏറ്റുപറഞ്ഞ് പൊലീസുകാരന്‍


സംഭവം നടന്ന ദ്വാകിമാരി ഗ്രാമം ഉള്‍പ്പെടുന്ന ദൂപ്ഗുരി ജില്ലയില്‍ ഒരു മാസത്തിനിടെ നാല് പേരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന സംഘമെന്നാരോപിച്ചുള്ള ആള്‍ക്കൂട്ടാക്രമണത്തിന് ഇരകളായത്.

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങളില്‍ വിശ്വസിച്ച് പുറത്തുനിന്നും വരുന്ന നിരവധി പേരെയാണ് ഗ്രാമവാസികള്‍ കല്ലെറിഞ്ഞോടിച്ചത്.


രാജ്യത്ത് സ്ത്രീകളേക്കാള്‍ സുരക്ഷിതരാണ് പശുക്കള്‍ ; സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ട് ആരും ദേശദ്രോഹിയാകുന്നില്ല; ഉദ്ധവ് താക്കറെ


മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം വ്യാജപ്രചരണത്തെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു. രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്തുകാരെന്ന് ആരോപിച്ച് അക്ബര്‍ ഖാന്‍ എന്ന യുവാവിനെയും ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

ആള്‍ക്കൂട്ടാക്രമണം നിയന്ത്രിക്കുന്നതിനുള്ള ഉന്നത തല കമ്മിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ആള്‍ക്കൂട്ടാക്രമണങ്ങള്‍ ഭയപ്പെടുത്തും വിധം വര്‍ദ്ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.