| Friday, 23rd November 2018, 2:57 pm

ശബരിമലയില്‍ പോകാന്‍ പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതിയില്‍ നാല് യുവതികളുടെ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയിലേക്ക് പോകാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാലു യുവതികളുടെ ഹര്‍ജി. നേരത്തെ ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളും തൃപ്തി ദേശായിയ്ക്കുണ്ടായ അനുഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി ഉച്ചയ്ക്കുശേഷം കോടതി പരിഗണിക്കും.

അതിനിടെ ശബരിമലയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ശബരിമലയില്‍ സാധാരണനില കൈവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി.

Also Read:ശബരിമല തന്ത്രിക്കും ശ്രീധരന്‍ പിള്ളയ്ക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ശബരിമലയില്‍ ചിലര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ട്. പ്രതിഷേധക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സമാധാനം കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂല സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ അക്രമം കാട്ടിയ ക്രിമിനലുകളെയാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നും യഥാര്‍ത്ഥ ഭക്തരെ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ബാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അക്രമങ്ങള്‍ സര്‍ക്കാറിന് എതിരെയല്ല. പൊലീസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും യഥാര്‍ഥ ഭക്തരെ ആക്രമിച്ചെന്ന് ഒരു പരാതിയുമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ചിത്തിര ആട്ട സമയത്ത് പ്രശ്നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും എത്തിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവായുള്ള ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. പ്രളയം മൂലം പമ്പയില്‍ വലിയ തകര്‍ച്ചയാണുണ്ടായത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രീംകോടതി വിധിയുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലമാണെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാനാവില്ലെന്നും ഇവിടെ പ്രശ്നമുണ്ടായാല്‍ എല്ലാ വഴികളും അടയുമെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more