| Monday, 4th December 2023, 8:03 am

മുഖ്യമന്ത്രി ചർച്ചകൾ വേഗത്തിലാക്കി നാല് സംസ്ഥാന നേതൃത്വങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിൽ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി ബി.ജെ.പി. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി തെലങ്കാനയിൽ കെ.സി.ആറിനെ താഴെയിറക്കി ഭരണം പിടിച്ചെടുത്ത്‌ കോൺഗ്രസ്. ഛത്തീസ്ഗഡും രാജസ്ഥാനും കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് ബി.ജെ.പി.

നിലവിൽ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. തെലങ്കാനയിൽ എ. രേവന്ത് റെഡ്‌ഡി മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രേവന്ത് റെഡ്‌ഡിയും കോൺഗ്രസ് പ്രവർത്തകരും ഞായറഴ്ച ഗവർണറെ സമീപിച്ചിരുന്നു. അതേസമയം തെലങ്കാനയിലെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ചേരുമെന്നാണ് റിപ്പോർട്ട്.

രാജസ്ഥാനിൽ ഒരുവട്ടം കൂടി മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് വസുന്ധര രാജെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ വസുന്ധര രാജെക്ക് മൂന്നാമതും അവസരം നൽകുന്നതിൽ രാജസ്ഥാൻ ബി.ജെ.പിയിൽ ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം വിദ്യാധർ നഗർ പിടിച്ചെടുത്ത ദിയാകുമാരിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നും പാർട്ടി നേതൃത്വം സൂചന നൽകുന്നുണ്ട്.

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സൂചന. ഛത്തീസ്ഗഡിൽ രമൺ സിങ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.ജെ.പി കേന്ദ്ര നേതൃത്വവും കേന്ദ്രമന്ത്രിമാരും ഛത്തീസ്ഗഡ് എം.എൽ.എമാരും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.

അതേസമയം മിസോറാമിൽ വോട്ടെണ്ണൽ ഇന്ന്. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.

Content Highlight: Four state leaderships have speeded up the chief ministerial talks

We use cookies to give you the best possible experience. Learn more