| Monday, 8th July 2024, 9:52 pm

മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ഭീകരാക്രമണം; കത്വയില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനികവ്യൂഹത്തിനെതിരെ നടന്ന ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ആറ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മുവിലെ കത്വ ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മച്ചേഡി-കിന്‍ഡ്‌ലി-മല്‍ഹാര്‍ റോഡില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന സൈനികവ്യൂഹത്തിനെതിരെയാണ് ആക്രമണം നടന്നത്.

നാലോ, മൂന്നോ പേരടങ്ങുന്ന സംഘമാണ് സൈന്യത്തിനെതിരെ ആക്രമണം നടത്തിയത്. സൈനികവ്യൂഹത്തിനെതിരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. പരിക്കേറ്റ ആറ് സൈനികരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

കത്വയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് കത്വായിലേത്. കത്വയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ബില്ലവാര്‍ തെഹ്സിലിലെ ലോയ് മല്‍ഹറിലെ ബദ്നോട്ട ഗ്രാമത്തില്‍ വൈകീട്ട് 3.30 ഓടെയാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തെ കുറിച്ച് സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല. പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചെന്നുള്ള വിവരം വ്യക്തമാക്കുന്നത്.

കഴിഞ്ഞ നാല് ആഴ്ചക്കിടെ കത്വയില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജൂണ്‍ 12, 13 ദിവസങ്ങളില്‍ ഭീകരര്‍ക്കുള്ള തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 26ന് ദോഡ ജില്ലയിലും ഏറ്റുമുട്ടല്‍ ഉണ്ടായി. ജൂണ്‍ ഒമ്പതിന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാമതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്തിന്റെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഭീകരാക്രമണം നടക്കുകയാണ്. ആക്രമണത്തിടെ അഗ്‌നിവീറുകള്‍ കൊല്ലപ്പെട്ടതിലും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

Content Highlight: Four soldiers martyred in Kathua

We use cookies to give you the best possible experience. Learn more