അഗര്‍ത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ അഗര്‍ത്തലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്ത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ ജത്രപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധന്‍പൂരിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ കസ്റ്റഡിയിലുള്ളവര്‍ സമ്മതിക്കുകയായിരുന്നു.
തുടര്‍ നിയമനടപടികള്‍ക്കായി ഇവര്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജ്യോതിഷ്മാന്‍ ദാസ് ചൗധരി പറഞ്ഞു. ചോദ്യം ചെയ്യലില്‍, ഇവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശിലെ കോക്സ് ബസാറിലെ കുട്ടുപലോംഗ് റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തി. ഒരാള്‍ ചിറ്റഗോങിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ളതാണ്.
മുഹമ്മദ് സഫികുല്‍ ഇസ്‌ലാം (55), സെന്‍വാര ബീഗം (19), ഇവരുടെ ഒരു വയസുള്ള കുഞ്ഞ് മുഹമ്മദ് ഇസ്മാഈല്‍, മുഹമ്മദ് അബ്ദുള്‍ കയര്‍ (23), നൂര്‍ കയേദ (19), ഉവരുടെ ഒരു വയസ് പ്രായമുള്ള കുട്ടി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
അതേസമയം, ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഒരാഴ്ച മുമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ത്രിപുര ബംഗ്ലാദേശുമായി 856 കിലോമീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്. സെപാഹിജാല ജില്ലയാണ് ഇന്ത്യ-ബംഗ്ലാ അതിര്‍ത്തിയുടെ വലിയൊരു ഭാഗം പങ്കിടുന്നത്.
ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും പീഡിതരായ ന്യൂനപക്ഷമാണ് റോഹിംഗ്യന്‍സ്. മ്യാന്‍മാറില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന റോഹിംഗ്യന്‍ ഭാഷ സംസാരിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. മ്യാന്‍മാറിലെ 135 ഗ്രോത്ര വിഭാഗങ്ങളില്‍ പരിഗണിക്കാത്ത ഇവര്‍ക്ക് 1982 മുതല്‍ മ്യാന്‍മാറില്‍ പൗരത്വമില്ല.
അതിക്രമങ്ങളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും രക്ഷനേടാനായി ബുദ്ധമതസ്ഥര്‍ കുറവുള്ള രാജ്യങ്ങളിലേക്ക് ഇവര്‍ പലായനം ചെയ്യുകയാണ്.
2017ലാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ റോഹിംഗ്യന്‍ വംശഹത്യ നടന്നത്. സംഭവത്തില്‍ നൂറുകണക്കിന് റോഹിംഗ്യകള്‍ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തോളം പേര്‍ ഭവനരഹിതരായി വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയുമുണ്ടായി. സംഭവത്തില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ വിചാരണ തുടരുകയാണ്.
ഈയിടെ, മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ വംശഹത്യയില്‍ ഫേസ്ബുക്ക് ഉത്തരവാദികളാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചിരുന്നു. ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങള്‍ക്ക് ഇന്ധനമേകിയ മെറ്റ കമ്പനി റോഹിംഗ്യകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടിയിരുന്നു.