ഭൂമിദാനക്കേസില്‍ സര്‍ക്കാരിന് പിന്തുടരാവുന്ന വഴികള്‍: അഡ്വ എ.ജയശങ്കര്‍
Kerala
ഭൂമിദാനക്കേസില്‍ സര്‍ക്കാരിന് പിന്തുടരാവുന്ന വഴികള്‍: അഡ്വ എ.ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2012, 10:00 am

എറണാകുളം: കാസര്‍ഗോഡ് ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായി സമര്‍പ്പിച്ച എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ വിധി പ്രസ്താവിച്ചിരിക്കുന്നത്.

വി.എസിനെതിരെയുള്ള ഭൂമിദാനക്കേസില്‍ സര്‍ക്കാരിന് ഇനിയും നാല് മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ് പ്രശസ്ത അഭിഭാഷകന്‍ എ.ജയശങ്കര്‍ അഭിപ്രായപ്പെടുന്നത്. []

ഒന്ന്- ഹൈക്കോടതിയില്‍ കേസ് പരാജയപ്പെട്ട സ്ഥിതിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. സുപ്രീം കോടതിയില്‍ നിന്നും കേസിന് അന്തിമ വിധി വളരെ പെട്ടെന്ന് നേടിയെടുക്കാന്‍ സാധ്യമല്ല. ചുരുങ്ങിയത് ഒന്നരവര്‍ഷമെങ്കിലും വിധി വരാന്‍ കാത്തിരിക്കണം. സുപ്രീം കോടതിയില്‍ നിന്നും വിധി തിരിച്ചടിയാണെങ്കില്‍ മുഖഛായ മാത്രമല്ല പ്രതിഛായ കൂടി നഷ്ടപ്പെടും. അത് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും നേരിട്ട വിധിയേക്കാള്‍ കഷ്ടമായിരിക്കും.

രണ്ട്- സര്‍ക്കാരിന് വി.എസിനെതിരായ കേസ് പിന്‍വലിക്കാം. വി.എസിനെതിരായ കേസ് പിന്‍വലിക്കുമ്പോള്‍ കെ.പി രാജേന്ദ്രനെതിരായ കേസും പിന്‍വലിക്കേണ്ടി വരും. അപ്പോള്‍ മനോരമയുടെ പിന്തുണ ലഭിക്കില്ല.

മൂന്ന്- ഏറ്റവും നല്ലതും എളുപ്പത്തില്‍ കഴിയുന്നതുമായ ഒരു കാര്യമുണ്ട്. പി.സി ജോര്‍ജ്ജിനെ രംഗത്തിറക്കി ഹൈക്കോടതിയെയും ജഡ്ജിനെയും നാല് തെറി പറയുക. ജഡ്ജി പഴയ മാര്‍ക്‌സിസ്റ്റ് കാരനെന്ന് പറയുക. സ്വാഭാവികമായും മനോരമയുടെയും പിന്തുണ കൂടി ഉണ്ടാകും.

നാല്- ടി.എന്‍ പ്രതാപനെയും പി.സി വിഷ്ണുനാഥിനെയും നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കുക. അതിന് വേണ്ടി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിനെ സമീപിക്കാവുന്നതാണ്. വിഷ്ണുനാഥിന് എല്‍.എല്‍.ബി ഉള്ളതു കൊണ്ട് പ്രശ്‌നമല്ല. ടി.എന്‍ പ്രതാപന് ഒരു എല്‍.എല്‍.ബി സര്‍ക്കാര്‍ ഒപ്പിച്ചു നല്‍കുക. കേസ് ജയിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ല.