| Friday, 14th June 2024, 3:47 pm

ഉർവശി, പാർവതി തുടങ്ങി ഉള്ളൊഴുക്കിന് കാത്തിരിക്കാനുള്ള നാല് കാരണങ്ങൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെയധികം പ്രതീക്ഷയും, ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പാണ് ഈ ജൂണിനുള്ളത്. ഒരുപിടി മികച്ച സിനിമകൾ എത്തുന്നു. അതിൽ പ്രധാനമായും ഉള്ളൊഴുക്ക് എന്ന സിനിമക്ക് വേണ്ടിയുള്ള കാത്തിരിക്കാൻ നാല് കാരണങ്ങളാണ് ഉള്ളത്.

ഉർവശി

മലയാള സിനിമയിൽ എടുത്തു പറയേണ്ട അഭിനയപ്രതിഭകളിൽ ഒരാളാണ് ഉർവശി. ഏകദേശം എൻപതുകളുടെ കാലഘട്ടം മുതൽ മലയാളി പ്രേക്ഷകർ കണ്ടു തുടങ്ങിയ വിസ്മയം. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആരാധനയും സ്നേഹവും ഏറ്റു വാങ്ങിയ നടി. മികച്ച നടിക്കുള്ള 5 സംസ്ഥാന പുരസ്കാരവും, മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ ഉർവശി, ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും മികച്ച കഥാപാത്രങ്ങളുമായി സജീവമാകുകയായിരുന്നു.

രണ്ടാം വരവിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്ത ഉർവശി ഏറ്റവും ഒടുവിൽ എത്തുന്നത് മറ്റൊരു ശക്തമായ കഥാപാത്രവുമായാണ്. ക്രിസ്റ്റോ ടോമി രചന – സംവിധാനം നിർവഹിക്കുന്ന ഉള്ളൊഴുക്ക് എന്ന പുതിയ ചിത്രത്തിൽ അമ്മ വേഷത്തിലെത്തുന്ന താരം ഇത്തവണയും കരുത്തുറ്റ പ്രകടനം തന്നെയാവും കാഴ്ച്ച വെക്കുന്നത് എന്നാണ് ട്രെയ്ല ർ സൂചിപ്പിക്കുന്നത്. മികച്ച പ്രതികരണം നേടുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്ലർ വലിയ പ്രതീക്ഷയാണ് മുന്നോട്ട് വെക്കുന്നത്.

പാർവതി

2006 ൽ ‘ ഔട്ട്‌ ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സിനിമലോകത്തേക്ക് കടന്നു വന്ന പാർവതി മലയാളത്തിന്റെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. നിരവധി കരുത്തുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച പാർവതിയുടെ അഭിനയമുഹൂർത്തങ്ങൾ കണ്ടു കണ്ണ് മിഴിച്ചിരുന്നവരാണ് പ്രേക്ഷകർ. മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അഭിനയ പ്രതിഭ, ശക്തമായ നിലപാടുകൾ കൊണ്ടും കരുത്തുറ്റ വേഷങ്ങൾ കൊണ്ടും തന്റേതായ ഇടം അടയാളപ്പെടുത്തിയ പാർവതി, ഉർവശിക്കൊപ്പം, ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ എത്തുന്നുവെന്നതാണ് ഈ സിനിമക്ക് വേണ്ടിയുള്ള വലിയ കാത്തിരിപ്പുകളിൽ ഒന്ന്. പ്രതീക്ഷകൾ കൂട്ടുന്ന തരത്തിലുള്ള ട്രെയ്‌ലറും, ടീസറും ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. ഉർവശിക്കൊപ്പം പാർവതിയും ഒന്നിക്കുന്നുവെന്ന വലിയ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർക്ക് ഉള്ളത്.

സുഷിൻ ശ്യാം

മലയാള സിനിമയിലെ പൊന്നും വിലയുള്ള പേരാണ് സുഷിൻ ശ്യാം. സുഷിന്റെ സംഗീതത്തിൽ എത്തുന്ന സിനിമ എന്ന ഒരൊറ്റ കാര്യം മതി ഒരു സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്. ഒരുപിടി തകർപ്പൻ ഗാനങ്ങൾ നൽകിയ സുഷിൻ ഉള്ളൊഴുക്കിൽ സംഗീതം ഒരുക്കുന്നുവെന്നറിഞ്ഞത് മുതൽ സിനിമക്ക് ലഭിച്ച ഹൈപ്പ് വലുതാണ്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ, തൊട്ടതെല്ലാം പൊന്നാക്കുന്ന സുഷിൻ ശ്യാം ഉള്ളൊഴുക്കിൽ ഈണം ഒരുക്കിയത് ആണ് ഈ സിനിമക്കുള്ള മറ്റൊരു വലിയ പ്രത്യേകത.

ക്രിസ്റ്റോ ടോമി

അഭിനയവും, സംഗീതവും മാത്രമല്ല, സംവിധാനവും ഇത്തിരി വലിയ പ്രത്യേകത ഉള്ളതാണ്. നെറ്റ്ഫ്ളിക്‌സിലെ ശ്രേദ്ധേയമായ കറി ആൻഡ് സയനൈയിഡ് എന്ന ഡോക്യുമെന്ററിയുടെ അമരക്കാരൻ ക്രിസ്റ്റോ ടോമി രചന – സംവിധാനം ഒരുക്കുന്ന ചിത്രമാണ് ‘ഉള്ളൊഴുക്ക്’. 2018 ൽ ഇന്ത്യയിൽ നടന്ന മികച്ച തിരക്കഥകൾക്കുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരക്കഥയാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി, ആ തിരക്കഥ ഇന്ന് സിനിമയാക്കുമ്പോൾ കുറച്ചൊന്നുമല്ല പ്രേക്ഷക പ്രതീക്ഷ. മികച്ച നോൺ – ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടിയ ക്രിസ്റ്റോ ടോമി, ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശക്തമായ വരവാണ് അറിയിക്കാൻ പോകുന്നത്. ട്രെയ്ലറും, ടീസറും അത് വ്യക്തമാക്കുന്നുണ്ട്.

ഉള്ളൊഴുക്ക് ജൂൺ 21 ന് തിയേറ്ററുകളിൽ എത്തുമ്പോൾ അണിയറയിൽ ഈ നാല് പ്രതിഭകളുടെ സംഭാവനയാണ് മുതൽക്കൂട്ടായി എത്തുന്നത്. അത് തന്നെയാണ് ഉള്ളൊഴുക്ക് എന്ന സിനിമക്ക് ലഭിക്കുന്ന പ്രതീക്ഷയും സ്വീകാര്യതയും. തിയേറ്ററുകളിൽ കാണാൻ പോകുന്ന ഈ ചലച്ചിത്ര വിസ്മയത്തിന് സാക്ഷിയാവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. കണ്ടറിയണം ആ മാജിക്.

Content Highlight: Four Reasons to Wait for ullozhukk Movie

We use cookies to give you the best possible experience. Learn more