2024ല്‍ ഏറ്റവുമധികം ഹൈപ്പുയര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ലിയോ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വലിയ ആവേശത്തോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. ലിയോയിലെ ലൊക്കേഷന്‍ സ്റ്റില്‍സ് തന്നെ പുറത്ത് വന്നപ്പോള്‍ വിജയ് രണ്ട് ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ എത്തുക എന്ന സൂചന ലഭിച്ചിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മാത്രം പ്രത്യേക്ഷപ്പെട്ട ലിയോ എന്ന ഗ്യാങ്‌സ്റ്ററിനായിരുന്നു ആരാധകര്‍ കൂടുതല്‍.
എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ ഇത് തിരിഞ്ഞു. ഗ്യാങ്‌സ്റ്റര്‍ ലിയോയെക്കാള്‍ ഫസ്റ്റ് ഹാഫിലെ കുടുംബസ്ഥനായ പാര്‍ത്ഥിപനാണ് പ്രേക്ഷകസ്വീകാര്യത ലഭിച്ചത്. ലിയോക്ക് മുകളില്‍ പ്രേക്ഷകര്‍ പാര്‍ത്ഥിപനെ പ്രതിഷ്ഠിക്കാനുള്ള കാരണങ്ങള്‍ നോക്കാം.
1. കുടുംബസ്ഥനായ വിജയ്
ഇതുവരെ കാണാത്ത വിജയ്‌യെ ആണ് ലിയോയില്‍ കണ്ടത്. ഒരു ചിത്രത്തില്‍ മുഴുനീളം കുടുംബസ്ഥനായി ഇതാദ്യമായിട്ടായിരിക്കും വിജയ് അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍ നിര സൂപ്പര്‍ താരങ്ങളെല്ലാം പകുതി പ്രായമുള്ള നായകമാരുടെ ചെറുപ്പക്കാരന്‍ നായകനാവുമ്പോള്‍ വിജയ്‌യെ പോലെ ഒരു താരത്തെ ഇനി ഇതുപോലെ പ്രായത്തിന് അനുസരിച്ച് കുടുംബനാഥന്‍ വേഷത്തില്‍ കാണാനാവുമോ എന്ന് തന്നെ സംശയമാണ്.
2. പാര്‍ത്ഥിയും ചിണ്ടുവും
ഭാര്യയോടും മകനോടും പാര്‍ത്ഥിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെങ്കിലും മകളായ ചിണ്ടുവുമായുള്ള ബന്ധം ഒന്ന് വേറെ തന്നെയാണ്. തങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ ഭാര്യ തന്നെ സംശയിക്കുമ്പോഴും മകന്‍ തന്നില്‍ നിന്നും അകലുമ്പോഴും പാര്‍ത്ഥിയെ പൂര്‍ണമായും വിശ്വസിക്കുന്നത് ചിണ്ടു മാത്രമാണ്. അതിന് കാരണം ചോദിക്കുന്ന പാര്‍ത്ഥിയോട് ചിണ്ടു പറയുന്നത് ‘യേനാ നീ എന്‍ അപ്പ’ എന്നാണ്. ചിണ്ടുവിന് അച്ഛനോടുള്ള സ്‌നേഹം നിഷ്‌കളങ്കമാണ്. പാര്‍ത്ഥി ചിണ്ടുവിന്റെ മടിയില്‍ കിടക്കുന്ന രംഗം മാത്രം മതി അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയാന്‍.
അതുപോലെ മകനായ സിദ്ധുവുമായുള്ള ബന്ധവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഒരു സുഹൃത്തിനോടെന്ന പോലെയുള്ള ബന്ധം പാര്‍ത്ഥിക്കുണ്ട്. ഭാര്യക്ക് പോലുമറിയാത്ത ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ഇവര്‍ തമ്മിലുണ്ട്.
3. അമാനുഷികനില്‍ നിന്നും സാധാരണക്കാരനിലേക്ക്
വിജയ് വിമര്‍ശകര്‍ സ്ഥിരം ഉന്നയിക്കാറുള്ള വിഷയമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ അമാനുഷികത. പറന്നടിക്കുന്ന, ഏത് വെല്ലുവിളി വന്നാലും പുല്ലുപോലെ നേരിടുന്ന, ഗ്രാമത്തേയും രാജ്യത്തേയും രക്ഷിക്കുന്ന അദ്ദേഹത്തിന്റെ നായകന്മാരെ ആരാധകര്‍ ആഘോഷമാക്കാറുണ്ടെങ്കിലും സാധാരണ പ്രേക്ഷകര്‍ക്ക് കണക്ഷന്‍ കിട്ടാറില്ല. ആ പരാതി നികത്തിയ നായകനാണ് ഫസ്റ്റ് ഹാഫിലെ പാര്‍ത്ഥി. പ്രതിസന്ധികളില്‍ പെട്ടുപോവുന്ന, ചിലപ്പോള്‍ തോറ്റു പോയേക്കാം എന്നൊക്കെ തോന്നിപ്പിക്കുന്ന നായകനാണ് പാര്‍ത്ഥി. അത്തരം സാധാരണ മനുഷ്യനായ നായകന്മാരോട് പ്രേക്ഷകര്‍ക്ക് വളരെയെളുപ്പം കണക്ഷന്‍ ലഭിക്കും. മറുവശത്ത് ലിയോ അമാനുഷികനായത് പഴയ വിജയ് കഥാപാത്രങ്ങയൊണ് ഓര്‍മിപ്പിച്ചത്.
4. കണ്ണീരും സന്തോഷവും പ്രകടിപ്പിക്കുന്ന പാര്‍ത്ഥി
കുടുംബത്തിന്റെ ചെറിയ സന്തോഷങ്ങളും ചെറിയ പിണക്കങ്ങളും ആസ്വദിക്കുന്ന കുടുംബസ്ഥനാണ് പാര്‍ത്ഥി. മകന്‍ ജാവലിന്‍ എറിയുമ്പോള്‍ വിസിലടിക്കുന്ന കുട്ടികളുടെ ഗെയിമിനിടക്ക് കളിനിയമങ്ങള്‍ മറികടന്ന് മകളെ സഹായിക്കുന്ന സ്വാര്‍ത്ഥനായ അച്ഛനാണ് അദ്ദേഹം. ആന കുത്താന്‍ വന്നാലും നെഞ്ചും വിരിച്ച് നില്‍ക്കുന്ന വിജയ് കഥാപാത്രങ്ങളുടെ സ്ഥാനത്ത്, ഭയപ്പെടുകയും കരയുകയും പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുകയും ചെയ്യുന്ന വിജയ് പ്രേക്ഷകര്‍ക്ക് ഒരു പുതുമയായിരുന്നു.
ആ ഫസ്റ്റ് ഹാഫിലെ പേസ് സെക്കന്റ് ഹാഫിനുമുണ്ടായിരുന്നെങ്കില്‍ ലിയോ ഇനിയും എത്രയോ മികച്ച സിനിമ ആകുമായിരുന്നു.
Content Highlight: Four Reasons to Put Parthi over Leo