ലഖ്‌നൗ: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വധശിക്ഷ കൊണ്ടുവരാനുള്ള നീക്കം നടക്കുമ്പോഴും യു.പിയില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുടരുകയാണ്.
ഇന്നലെ മാത്രം നാല് ബലാത്സംഗ കേസുകളാണ് ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്യപ്പെട്ടത്. അതില്‍ മൂന്ന് കേസുകളിലും ഇരകള്‍ കുട്ടികളാണ്. റാംപൂര്‍, മുസാഫിര്‍ നഗര്‍, മൊറാദാബാദ്, കന്നൗജ് എന്നിവിടങ്ങളിലായാണ് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏഴുവയസുള്ള കുട്ടിയാണ് റാംപൂറില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. 19 വയസുകാരന്‍ സിറസത്താണ് കേസില്‍ കുറ്റാരോപിതനായിട്ടുള്ളത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പിടിച്ച് കൊണ്ടുപോയി സമീപത്തെ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കുറ്റാരോപിതനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുസാഫര്‍നഗറില്‍ ഒരു ഡോക്ടറാണ് 13 വയസുള്ള പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചത്. 32 വയസുള്ള ഡോക്ടര്‍ കുട്ടിയെ മൂന്ന് ദിവസത്തോളം ചൂഷണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സോനു വര്‍മ എന്ന ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഡോക്ടറുടെ ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം മറ്റൊരിടത്തേക്ക് കൊണ്ടുപോയി തടവിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച തടവില്‍ നിന്ന് പുറത്ത് ചാടിയ കുട്ടി വീട്ടിലെത്തി വിവരങ്ങള്‍ ധരിപ്പിക്കുകയായിരുന്നു.
കന്നൗജില്‍ 30 കാരനായ പിതൃസഹോദരനാണ് വീട്ടില്‍ വച്ച് 11 കാരിയെ ബലാത്സംഗം ചെയ്തത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പിതാവ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീടാണ് കുട്ടി സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞത്. കുറ്റാരോപിതനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു പോക്‌സോ നിയമം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
Read | ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് കബില്‍ സിബല്‍
ഗര്‍ഭിണിയായ ഇരുപതുകാരിയെ ബലാത്സംഗം ചെയ്തതെന്നാണ് ഇന്നലെ മൊറാദബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസ്.
യു.പിയിലെ ഇത്തായില്‍ കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കല്ല്യാണ വീട്ടില്‍ വച്ച് 19കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ സംഭവങ്ങള്‍. കല്ല്യാണ ഘോഷയാത്ര കാണാന്‍ വീടിന് പുറത്തിറങ്ങിയ ആറു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.