| Wednesday, 17th July 2024, 1:12 pm

മുള്‍മുനയില്‍ അജിത് പവാറും ബി.ജെ.പിയും; പ്രമുഖ നേതാക്കള്‍ ശരദ് പവാര്‍ പക്ഷത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ തിരിച്ചടി നേരിട്ട് എന്‍.സി.പി അജിത് പവാര്‍ പക്ഷവും ബി.ജെ.പിയും. അജിത് പക്ഷത്തെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ടു. പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നേതാക്കളാണ് പാര്‍ട്ടിവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതാക്കളുടെ കൂറുമാറ്റം.

പാര്‍ട്ടിവിട്ട മുതിര്‍ന്ന നേതാക്കള്‍ ശരദ് പവാര്‍ പക്ഷത്ത് ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍.സി.പിയുടെ പിംപ്രി-ചിഞ്ച്‌വാദ് യൂണിറ്റ് മേധാവി അജിത് ഗവ്ഹാനെ, പിംപ്രി ചിഞ്ച്‌വാദ് സ്റ്റുഡന്റ്സ് വിങ് മേധാവി യാഷ് സാനെ, മുന്‍ കോര്‍പ്പറേറ്റര്‍മാരായ രാഹുല്‍ ഭോസാലെ, പങ്കജ് ഭലേക്കര്‍ എന്നിവരാണ് പാര്‍ട്ടിവിട്ട നേതാക്കള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അജിത് പക്ഷത്തിനിടയില്‍ ഭിന്നത രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്നവരെ പൂര്‍ണവിശ്വാസമാണെന്ന് പ്രതികരിക്കുകയായിരുന്നു അജിത് പവാര്‍.

അതേസമയം അജിത് പക്ഷത്തെ നേതാക്കളെ സ്വീകരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്‍.സി.പി എസ്.പി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചിരുന്നു. തന്റെ പാര്‍ട്ടിക്ക് ദോഷമാകുന്നവരെ അംഗീകരിക്കില്ല. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ കനത്ത തോല്‍വിയില്‍ എന്‍.സി.പി അജിത് പവാര്‍ പക്ഷവുമായി ബി.ജെ.പി സഖ്യം ചേര്‍ന്നത് അബദ്ധമായെന്ന് ആര്‍.എസ്.എസ് വിമര്‍ശിച്ചിരുന്നു. എന്‍.സി.പിയുമായുള്ള ബന്ധം ബി.ജെ.പിയുടെ ബ്രാന്‍ഡ് മൂല്യത്തെ ബാധിച്ചു. എന്‍.സി.പി അജിത് പവാര്‍ പക്ഷം ഒരു രീതിയിലും മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത പാര്‍ട്ടിയാണെന്നുമായിരുന്നു വിമര്‍ശനം.

2019ലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റില്‍ 29ഉം നേടിയ ബി.ജെ.പി ഇത്തവണ ഒമ്പതിലേക്ക് ചുരുങ്ങി. എന്നാല്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 ഉം പത്ത് സീറ്റില്‍ മത്സരിച്ച എന്‍.സി.പി എസ്.പി എട്ട് സീറ്റ് വീതവും നേടി. 21 സീറ്റില്‍ മത്സരിച്ച യു.ബി.ടി ഒമ്പത് മണ്ഡലങ്ങളും പിടിച്ചെടുത്തു.

Content Highlight: Four prominent leaders of Ajith Pawar’s faction left the party

We use cookies to give you the best possible experience. Learn more