| Monday, 3rd September 2012, 11:32 am

സത്‌നാംസിങ്ങിന്റെ മരണം: നാല് തടവുപുള്ളികളെ പ്രതികളാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാംസിങ് മരിക്കാനിടയായ സംഭവത്തില്‍ നാല് തടവുകാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വര്‍ക്കിങ് പേഷ്യന്റ്‌സ് ആയിരുന്ന മഞ്ജീഷ്, ബിജു, ദിലീപ്, ശരത് ചന്ദ്രന്‍ എന്നിവരെയാണ് പ്രതികളാക്കിയത്.

വിവിധ കേസുകളില്‍ റിമാന്റില്‍ കഴിയുന്ന മനോരോഗികളായ പ്രതികളാണ് ഇവര്‍. കൊലക്കുറ്റമാണ് നാലുപേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നാലുപേരുടെയും മാനസികനില കോടതി നേരത്തെ പരിശോധിച്ചിരുന്നു.[]

കേസില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജയില്‍വാര്‍ഡന്‍ അടക്കം ആറുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സഹതടവുകാരുമായി സത്‌നാം ബലപ്രയോഗത്തില്‍ ഏര്‍പ്പെടുന്നത് കണ്ട വാര്‍ഡന്‍ വിവേകാനന്ദനും അറ്റന്‍ന്റര്‍ അനില്‍കുമാറും സത്‌നാമിനെ കൈയേറ്റം ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇവരോടൊപ്പം ക്രിമിനല്‍ വാര്‍ഡില്‍ കഴിയുന്ന നാല് ജയില്‍ പുള്ളികളും മര്‍ദനത്തില്‍ പങ്കാളികളായി. കേബിള്‍ വയര്‍ കൊണ്ട് ശരീരത്തില്‍ അടിക്കുകയും തല പിടിച്ച് ചുവരില്‍ ഇടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സത്‌നാമിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ബീഹാറിലേക്കും വ്യാപിപ്പിക്കുന്നു. സത്‌നാമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ബീഹാറിലേക്ക് തിരിച്ചത്. ബീഹാറിലെത്തി സംഘം സത്‌നാമിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.

മാതാ അമൃതാനന്ദമയി മഠത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ സത്‌നാം സിങ് കഴിഞ്ഞ മാസമാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കഴുത്തിലും തലച്ചോറിലുമേറ്റ മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിങ്ങിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

We use cookies to give you the best possible experience. Learn more