| Thursday, 7th July 2022, 10:56 pm

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം; നിസാമാബാദില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ക്കെതിരെ യു.എ.പി.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാമാബാദ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുനേരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് കേസ്. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ജൂലൈ നാലിന് നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ നാല് പ്രവര്‍ത്തകര്‍ക്കുനേരെയാണ് നിലവില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും ഗൂഢാലോചനയ്ക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുമ്പ് ഇവരില്‍ ഒരാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാനറുകളും മറ്റും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രവീന്ദ്ര ബാബു പറഞ്ഞിരുന്നു. ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്ത പുസ്തകങ്ങളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശമുള്ളതായി കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുസ്‌ലിം യുവാക്കളെ തെരഞ്ഞെടുത്ത് ഹിന്ദു വിരുദ്ധ ആശയങ്ങള്‍ വളര്‍ത്തിയെടുക്കലാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നതെന്നും പൊലീസ് ആരോപിച്ചു.

പ്രതികളിലൊരാളായ ഷെയ്ഖ് സാദുള്ള 2017ല്‍ പോപ്പുലര്‍ ഫ്രണ്ടിലെത്തുകയും പിന്നീട് മറ്റ് പ്രതികളായ മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബില്‍ എന്നിവരും പാര്‍ട്ടിയില്‍ ചേരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം മൂവരും കുറ്റം സമ്മതിച്ചതായും ഇവരില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും നിസാമാബാദ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു.

Content Highlight: four popular front activists booke under uapa in nizamabadh

We use cookies to give you the best possible experience. Learn more