| Saturday, 12th August 2023, 10:53 am

അസമില്‍ ബാലികയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേരെ പിടികൂടിയതായി പൊലീസ്. അസമിലെ കോക്രാജ്ഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് അസം പൊലീസ് ഗ്യാനേന്ദ്ര പ്രതാപ് സിങ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

‘അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ട് മാസം മുന്‍പ് ചമ്പ നദിക്കരയില്‍ കുളിക്കാന്‍ പോയ സമയത്ത് നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് അവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അമ്മയോട് പെണ്‍കുട്ടി കാര്യത്തെ കുറിച്ച് പറയുകയായിരുന്നു,’ ഡി.ജി.പി പറഞ്ഞു. പരാതി കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയും പ്രതികളെ തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ നാല് പ്രതികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെല്ലാം ചില്‍ഡ്രന്‍ ഇന്‍ കോണ്‍ഫ്‌ളിക്ട് വിത്ത് ലോയ്ക്ക് കീഴില്‍ വരുന്നവരാണ്. ഇവരുടെ വയസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്,’ സിങ് ട്വീറ്റ് ചെയ്തു. പ്രതികളും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ അവരെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും സിങ് പറഞ്ഞു.

രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ ഉത്തരവ് അനുസരിച്ചും ദി ചില്‍ഡ്രന്‍ ഇന്‍ കോണ്‍ഫ്‌ളിക്ട് വിത്ത് ലോ പ്രകാരവും പ്രായപൂര്‍ത്തിയാകാത്തവരെ വിചാരണ തടവുകാരായി കണക്കാക്കാനോ, ഇവര്‍ക്ക് ജാമ്യം നിഷേധിക്കാനോ സാധിക്കില്ല.

‘ചില്‍ഡ്രന്‍ ഇന്‍ കോണ്‍ഫ്‌ളിക്ട് വിത്ത് ലോയിലെ സെഷന്‍ 436-എ സി.ആര്‍.പി.സിക്ക് കീഴില്‍ ഇവരെ വിചാരണ തടവുകാരായി കണക്കാക്കാനാകില്ല,’ എന്നാണ് മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

ക്രൂരമായ കുറ്റകൃത്യം ആരോപിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെഷന്‍ 12 അനുസരിച്ച് ജാമ്യം നിഷേധിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബെഞ്ച് ഈ വര്‍ഷം പറഞ്ഞിരുന്നു.

Content Highlights: Four persons arrested for allegedly raping a minor girl

We use cookies to give you the best possible experience. Learn more