ചൂരല്‍മലയോട് ചേര്‍ന്ന പടവെട്ടിക്കുന്നില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി
Kerala News
ചൂരല്‍മലയോട് ചേര്‍ന്ന പടവെട്ടിക്കുന്നില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 11:29 am

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി നാല് ദിവസങ്ങള്‍ക്കിപ്പുറം നാലുപേരെ ജീവനോടെ രക്ഷിച്ച് ദൗത്യസംഘം. ചൂരൽ മലക്ക് സമീപമുള്ള പടവെട്ടി കുന്നിലാണ് രക്ഷാദൗത്യത്തിനിടെ നാലുപേരെ ജീവനോടെ കണ്ടെത്തിയത്.

രണ്ട് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് ജീവനോടെ കണ്ടെത്തിയത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് ജീവനോടെ കണ്ടെത്തിയത്. ഇവരെ നിലവിൽ ബന്ധു വീട്ടിലേക്ക് മാറ്റിയതായി എൻ.ഡി.ആർ.എഫ് അറിയിച്ചു.

ഇതേ സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം 60ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ജീവനോടെ കണ്ടെത്തിയ ഒരു പെൺകുട്ടിക്ക് കാലിന് ചെറിയ പരിക്ക് മാത്രമാണ് ഉള്ളത്. ഇവരെ വീട്ടിനുള്ളിൽ ഒറ്റപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 316 ആയി ഉയർന്നു. 206 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇതിൽ മാറ്റം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 105 മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 96 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

വയനാട്ടിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,238 ആളുകളാണ് കഴിയുന്നത്. മേപ്പാടിയിൽ മാത്രമായി ഒമ്പത് ക്യാമ്പുകളാണ് ഉള്ളത്. ഈ ക്യാമ്പുകളിൽ 2,328 പേരാണ് കഴിയുന്നത്.

 

Content Highlight: Four people were found alive near Churalmala; will be airlifted