തിരുവനന്തപുരം/ തൊടുപുഴ/ മുണ്ടക്കയം/ കോട്ടയം: കനത്തമഴയില്‍ വിറച്ചിരിക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
അതേസമയം, മലയോര മേഖലയില്‍ മഴ ശക്തമായതോടെ തിരുവനന്തപുരത്തെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. കോട്ടൂര്‍ അഗസ്ത്യ വനത്തിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കനത്ത മഴ തുടങ്ങിയതോടെ ഇവിടേക്കുള്ള റോഡുകളും തകര്‍ന്നു. കുറ്റിച്ചല്‍ പഞ്ചായത്തിനു കീഴിലെ 27 ആദിവാസി സെറ്റില്‍മെന്റ് ഏരിയകളാണ് മഴയത്ത് ഒറ്റപ്പെട്ടത്.
മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങള്‍കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. കക്കി- ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും.
ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 520 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉടന്‍ തന്നെ 80 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.