| Friday, 3rd December 2021, 8:14 am

സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: വ്യക്തിവൈരാഗ്യമെന്ന് പൊലീസ്, നാല് പേര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില് നാല് പ്രതികള്‍ പിടിയില്‍. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നുമാണ് ഇവരെ പിടി കൂടിയത്. കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വേങ്ങല്‍ സ്വദേശി അഭിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെ പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം, സന്ദീപിന്റ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തുമെന്ന് സി.പി.ഐ.എം അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.

വ്യാഴാഴ്ച രാത്രി എട്ടിന് നെടുമ്പ്രം ഭാഗത്ത് വെച്ചാണ് സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.ബി.സന്ദീപ് കുമാറിനെ (33) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്. ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.ഐ.എം വാദം.

We use cookies to give you the best possible experience. Learn more