വാഷിങ്ടണ്‍: ഗുരുദ്വാരയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് വിശ്വാസികളില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പേര് വെളിപ്പെടുത്തിയ ഇന്ത്യന്‍ എംബസി ഇതില്‍ ആരൊക്കെയാണ് ഇന്ത്യക്കാരെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. []
സിതി സിങ് (41), രഞ്ജീത് സിങ് (49), സാറ്റവാന്റ് സിങ് കലേക (62), പ്രകാശ് സിങ് (39), പരാംജീത് കൗര്‍ (41), ഷൊഹൈബ് സിങ് (84) എന്നിവരാണ് ഗുരുദ്വാരയില്‍ അക്രമിയുടെ വെടിയേറ്റ് മരിച്ചത്.
അതിനിടെ കൊലയാളി മൈക്കല്‍ പെയ്ജ് എന്ന മുന്‍ യു.എസ് സൈനികനെന്ന് തിരിച്ചറിഞ്ഞു. മനശാസ്ത്രപരമായ സൈനിക ഓപ്പറേഷനുകളില്‍ വിദഗ്ധനായിരുന്നു പെയ്ജ്. എന്നാല്‍ 1998ല്‍ ഇയാളെ സേനയില്‍നിന്ന് പുറത്താക്കിയിരുന്നു. 40 കാരനായ ഇയാളെ മോശം പെരുമാറ്റത്തെത്തുടര്‍ന്നാണ് ആറു വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തില്‍നിന്ന് പിരിച്ചുവിട്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി എഫ്.ബി.ഐ അറിയിച്ചു. ആക്രമണത്തെ വളരെ ഗൗരവത്തോടെ കാണുന്നെന്നും ഊര്‍ജിത അന്വേഷണമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെയ്ജ് നിയോ നാസി മ്യൂസിക് ഗ്രൂപ്പായ എന്‍ഡ് അപെഥിയുടെ പ്രവര്‍ത്തകനായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ വീട് പൊലീസ് പരിശോധിച്ചു വരുകയാണ്.
അതിനിടെ, വെടിവെപ്പിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള വെള്ളക്കാരുടെ സംഘത്തില്‍പ്പെട്ടവരുടെ വംശീയ വിദ്വേഷമാണെന്ന് സൂചന. വംശവെറിയന്മാരായ വെള്ളക്കാര്‍ താടി നീട്ടി തലപ്പാവ് ധരിച്ച് നടക്കുന്ന സിഖ് വംശജരെ പലപ്പോഴും മുസ്‌ലീംകളായാണ് പരിഗണിക്കുന്നത്. ഈ തെറ്റിദ്ധാരണയാണ് കൂട്ടക്കൊലയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് സിഖ് ഗുരുദ്വാര ആക്രമിക്കപ്പെട്ടത്. തോക്കുധാരിയാ പെയ്ജ് സ്ഥലത്തെത്തി യാതൊരു വിവേചനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നു. ആറുപേര്‍ സംഭവസ്ഥലത്തു മരിച്ചു. പൊലീസുകാരന്റെ വെടിയേറ്റ് പെയ്ജും കൊല്ലപ്പെട്ടു.