national news
ആന്ധ്രയിൽ നാല് ചാനലുകളുടെ സംപ്രേക്ഷണം നിർത്തിച്ചു; നടപടി ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 24, 03:14 am
Monday, 24th June 2024, 8:44 am

അമരാവതി: ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തെ നാല് വാർത്ത ചാനലുകളുടെ സംപ്രേക്ഷണം നിർത്തി വെച്ച് സർക്കാർ. തെലുങ്ക് ചാനലുകളായ ടി.വി9, എൻ.ടി.വി, 10ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേക്ഷണമാണ് വെള്ളിയാഴ്ച രാത്രി മുതൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് നിർത്തി വെച്ചത്.

Also Read: ഷൂട്ടിന് കുറെനാൾ മുമ്പ് തന്നെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം വേണമെന്ന് പാർവതി പറഞ്ഞു: ക്രിസ്റ്റോ ടോമി

ഈ നാല് പ്രാദേശിക വാർത്താ ചാനലുകൾ സർക്കാർ തടഞ്ഞുവെന്നാരോപിച്ച് വൈ.എസ്.ആർ.സി.പി രാജ്യസഭാംഗം എസ്. നിരഞ്ജൻ റെഡ്ഡി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) പരാതി നൽകി.

ടി.ഡി.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നിർബന്ധം കാരണം ആന്ധ്രാപ്രദേശ് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഈ നാല് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തിയതാണെന്ന് എസ്. നിരഞ്ജൻ റെഡ്ഡി ട്രായ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു.

ടിവി9, എൻടിവി, 10ടിവി, സാക്ഷി ടിവി എന്ന ചാനലുകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിർത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വൈ.എസ്.ആർ.കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്‌ഡിയുടെ കുടുംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡിന് കീഴിലുള്ള ചാനലാണ് സാക്ഷി ടി.വി.

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള സർക്കാരിന്റെ കടന്നു കയറ്റമാണിതെന്ന് വൈ.എസ്.ആർ.കോൺഗ്രസ് പറഞ്ഞു. മാധ്യമങ്ങളിലും പ്രക്ഷേപണ സേവനങ്ങളിലും അനാവശ്യമായി സർക്കാർ സ്വാധീനം ചെലുത്തുന്നതിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ട്രായിയോട് വൈ.എസ്.ആർ.കോൺഗ്രസ് ആവശ്യപ്പെട്ടു.

എന്നാൽ കാൺലുകളെ തടഞ്ഞതിൽ പങ്കില്ലെന്നും നടപടിയെടുത്തത് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് ആണെന്നുമാണ് ഡി.ടി.പി സർക്കാർ പറയുന്നത്. സംപ്രേക്ഷണം തടയുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഐ.ടി മന്ത്രി എൻ.ലോകേഷ് പ്രതികരിച്ചു.

Content Highlight: Four news channels off air in Andhra post polls; YSRCP reaches out to TRAI