കൊക്രജാര്‍ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു
India
കൊക്രജാര്‍ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2012, 12:52 pm

ഗുവാഹത്തി: ആസാമില്‍ ബോഡോ തീവ്രവാദികളും മുസ്‌ലീംകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് പേര്‍കൂടി കൊല്ലപ്പെട്ടു. കൊക്രജാറിലെ ജിയാഗുരിയില്‍ ആള്‍ക്കൂട്ടത്തിനുനേരെ സായുധസംഘം നടത്തിയ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.[]

സംഭവവുമായി ബന്ധപ്പെട്ട് ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ഓട്ടോണമസ് ഡിസ്ട്രിക്‌സ് അംഗം മോണോകുമാര്‍ ബര്‍മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് എ.കെ 47 നും  60 റൗണ്ട് വെടിയുണ്ടകള്‍ നിറച്ച രണ്ട് മാഗസിനുകളും പിടിച്ചെടുത്തിട്ടുണ്ട്.
ആസാമിലെ ബോഡോലാന്റ് ടെറിട്ടോറിയല്‍ ഭരണത്തിന് കീഴിലുള്ള ജില്ലകളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കൊക്രജാറില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

പ്രദേശത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ സൈനികരുടെയും അര്‍ധ സൈനികരുടേയും സേവനം തേടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് എന്‍.ഡി.എഫ്.ബിയുടെ രഞ്ജന്‍ ദൈമാരിയുടെ നേതൃത്വത്തില്‍ അക്രമം ആരംഭിച്ചത്.

ആസാമില്‍ കഴിഞ്ഞ ജുലൈയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷവുമായുണ്ടായ കലാപത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.

പ്രദേശത്ത് സ്ഥിതി ശാന്തമാക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേരത്തേയുണ്ടായിരുന്ന സ്ഥിതിഗതികള്‍ ഏറെക്കുറേ ശാന്തമായിരുന്നെങ്കിലും ഒറ്റപ്പെട്ട ആക്രമങ്ങള്‍ പ്രദേശത്ത് തുടര്‍ന്നിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് സ്ഥിതി ഇത്ര രൂക്ഷമാകാന്‍ കാരണം.