| Monday, 20th August 2018, 11:22 am

കുത്തിയതോട് നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇതോടെ ക്യാമ്പ് ഭിത്തി ഇടിഞ്ഞ് മരിച്ചവരുടെ എണ്ണം ആറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറവൂര്‍: കുത്തിയതോട് ദുരിതാശ്വാസ ക്യാമ്പിന്റെ ഭിത്തി ഇടിഞ്ഞു കാണാതായവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കുത്തിയതോടില്‍ മരിച്ചവരുടെ എണ്ണം ആറായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ പുലര്‍ച്ചയോടെ കണ്ടെത്തിയിരുന്നു.

പറവൂര്‍ നോര്‍ത്ത് കുത്തിയതോടില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന പള്ളി ഇടിഞ്ഞു വീഴുകയും ആളുകള്‍ അകപ്പെടുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടി ക്യാമ്പിലുണ്ടായിരുന്ന യുവാവ് അയച്ച വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. അഞ്ഞൂറോളം പേര്‍ കുടുങ്ങിയിരുന്ന ക്യാമ്പില്‍ ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ലെന്നും, നേവി ഹെലികോപ്റ്ററിലെത്തിച്ച ഭക്ഷണം വാങ്ങാനായി കൂടുതല്‍ പേര്‍ ഒന്നാം നിലയിലേക്കെത്തിയതോടെ കെട്ടിടം തകരുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കാലപ്പഴക്കമാണ് കെട്ടിടം തകരാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. തകര്‍ന്ന കെട്ടിടത്തില്‍ അകപ്പെട്ട ഒട്ടുമിക്ക പേരെയും ക്യാമ്പിലുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആറു പേരെ കാണാതാവുകയായിരുന്നു. തങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നുള്ള യുവാവിന്റെ രോഷം നിറഞ്ഞ വീഡിയോ സന്ദേശം വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം, ചെങ്ങന്നൂരില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രണ്ടു ദിവസം കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൂടുതല്‍ ചെറുവള്ളങ്ങള്‍ ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങും.

We use cookies to give you the best possible experience. Learn more