| Friday, 14th November 2014, 11:14 am

മഅദനിക്ക് വിചാരണ കഴിയും വരെ ജാമ്യം, നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: ബംഗളുരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായ പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് വിചാരണ പൂര്‍ത്തിയാകുന്നവരെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

മഅദനി നല്‍കിയ ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.

ജൂലൈ പതിനാലിനാണ് ചികിത്സ നടത്തുന്നതിനായി മഅദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. പലതവണയായി ജാമ്യം നീട്ടി നല്‍കുകയും ചെയ്തിരുന്നു. നേരത്തെ ജാമ്യം നല്‍കിയപ്പോഴുള്ള വ്യവസ്ഥകള്‍ തുടരും. മഅദനി ബംഗളുരു വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാന്‍ മഅദനിക്ക് അനുമതി നല്‍കിയിട്ടില്ല.

കേരളത്തില്‍ ശ്രീധരീയം കണ്ണാശുപത്രിയില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന മഅദനിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. ബംഗളുരുവില്‍ തന്നെ ചികിത്സ തുടര്‍ന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചത്.

മഅദനിയ്ക്ക് ജാമ്യം നീട്ടിനല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മഅദനി അഭിഭാഷകന്റെ ഫോണിലൂടെ സാക്ഷികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹം സാക്ഷികളെ സ്വാധീനിക്കുന്നു. തുടങ്ങിയ ആരോപണങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചത്.

കേരളത്തില്‍ ചികിത്സയ്ക്ക് അനുമതി നല്‍കണമെന്ന മഅദനിയുടെ അപേക്ഷയുടെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കേരളത്തില്‍ ചികിത്സ നല്‍കിയാല്‍ മഅദനി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ബംഗളുരു സ്‌ഫോടനക്കേസിലെ സാക്ഷികളില്‍ പലരും കേരളത്തിലുള്ളവരാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മഅദനിക്ക് കര്‍ണാടകയില്‍ ചികിത്സയ്ക്ക് വേണ്ടത്ര സൗകര്യമുണ്ട്. ശ്രീധരീയത്തില്‍ ചികിത്സ തേടണമെന്നുണ്ടെങ്കില്‍ ശ്രീധരീയത്തിന്റെ ബംഗളുരുവിലെ ശാഖയില്‍ നിന്ന് ചികിത്സ നേടാം. എന്നാല്‍ ബംഗളുരു ശാഖയുമായി ബന്ധപ്പെട്ടപ്പോള്‍ മഅദനി ഇതുവരെ അവിടെ ചികിത്സയ്‌ക്കെത്തിയിട്ടില്ലെന്നാണ് അറിഞ്ഞത്.

സൗഖ്യ ആശുപത്രിയിലും അഗര്‍വാള്‍, മണിപ്പാല്‍ കണ്ണാശുപത്രികളിലുമാണ് മഅദനി ചികിത്സ തേടിയത്. ഇവിടെ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരാരും വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിട്ടില്ല. മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ ജാമ്യം നീട്ടി നല്‍കേണ്ടതില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാറിന്റെ ഈ വാദങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് കോടതി മഅദനിക്ക് ജാമ്യം നീട്ടി നല്‍കിയിരിക്കുന്നത്. അതേസമയം കേരളത്തില്‍ ചികിത്സയ്ക്ക് അനുവദിക്കേണ്ടെന്ന കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കാറിന്റെ നിലപാട് കോടതി അംഗീകരിക്കുകയും ചെയ്തു.

2008 ലെ ബാഗ്ലൂര്‍ ബോംബ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനായിരുന്ന മഅദനി കഴിഞ്ഞ നാലര വര്‍ഷമായി ബാഗ്ലൂരിലെ പരപ്പന അഗ്രഹാര ജയില്‍ കഴിയുകയായിരുന്നു. ബംഗളുരു ബോബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് മഅദനിക്കെതിരെ തീവ്രവാദത്തിനും രാജ്യദ്രോഹത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരുന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more