ന്യൂദല്‍ഹി: നാല് മലയാള ചിത്രങ്ങള്‍ ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, മധുപാലിന്റെ ഒഴിമുറി, കെ.ഗോപിനാഥന്റെ ഇത്രമാത്രം എന്നീ സിനിമകളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ക്ഷണിച്ചത്.[]
പ്രശസ്ത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
ഇതോടെ ചലചിത്രമേളയില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ എത്തുന്ന ഭാഷ എന്ന ബഹുമതി മലയാളത്തിന് സ്വന്തമായി.
അടുത്തമാസം ഇരുപത് മുതല്‍ മുപ്പത് വരെയാണ് ചലചിത്രമേള നടക്കുന്നത്. മലയാളിയായ സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി പനോരമയുടെ ഔദ്യോഗിക വിഭാഗത്തിലും ഇടംപിടിച്ചിട്ടുണ്ട്.
ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം ഇതുവരെയായി ആറോളം ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി ഐ.എഫ്.എഫ്.കെയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.