| Wednesday, 31st March 2021, 10:33 pm

നാല് ലക്ഷം ഇരട്ടവോട്ടുകള്‍; കണക്കുകള്‍ പുറത്തുവിട്ട് പ്രതിപക്ഷം; ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുകള്‍ നാദാപുരത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിവിധ നിയമസഭ മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടുകളുണ്ടെന്നാണ് സൈറ്റില്‍ ലഭ്യമായ വിവരം. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുകള്‍ ഉള്ളത്. 6171 ഇരട്ട വോട്ടുകളാണ് ഇവിടെ ഉള്ളത്.

ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം തവണ പട്ടികയില്‍ ഇടംപിടിച്ചവരുടെ വിവരമാണ് ഉള്ളത്. ഇത് ഓരോ മണിക്കൂറും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ 38000 ഇരട്ടവോട്ടാണ് ഉള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഈ കണക്ക് തള്ളികൊണ്ടാണ് ഇപ്പോള്‍ പ്രതിപക്ഷം കണക്കുകള്‍ പുറത്തുവിട്ടത്.

ഈ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റഫറന്‍സിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും അങ്ങനെ ഇരട്ടവോട്ട് തടയാന്‍ സഹായകരമായ രീതിയില്‍ ഇടപെടാന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

കള്ളവോട്ടുകള്‍ക്കെതിരെ യു.ഡി.എഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ബുധനാഴ്ച പറഞ്ഞിരുന്നു.

ഇരട്ട വോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഒരു വോട്ട് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും സത്യവാങ്മൂലത്തില്‍ വോട്ടറുടെ വിരലടയാളം പതിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഇവ ഫോട്ടോയോടൊപ്പം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിരലില്‍ തേക്കുന്ന മഷി മായ്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

&

Content Highlights: Four lakh double votes; Ramesh chennithala releases figures; The highest number of double votes was in Nadapuram

We use cookies to give you the best possible experience. Learn more