national news
ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 10:25 am
Saturday, 1st March 2025, 3:55 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ ഇപ്പോഴും മഞ്ഞ് വീഴ്ചയുണ്ടായ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

ഹിമപാതത്തെ തുടര്‍ന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡിലാണ് ഹിമപാതമുണ്ടായത്. പിന്നാലെ 50തിലധികം ആളുകള്‍ ഹിമപാതത്തില്‍ കുടുങ്ങുകയായിരുന്നു.

ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളുള്‍പ്പെടെ വിന്യസിച്ചിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചമോലി ജില്ലയിലെ മനയില്‍ ഉണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ 57 തൊഴിലാളികളുടെ പേരുകളുടെ പട്ടിക ചമോലി പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ പട്ടികയില്‍ പറയുന്നത്.

ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഉണ്ടായ ഹിമപാതത്തില്‍ ഏകദേശം 57 ബി.ആര്‍.ഒ തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഹിമാനികള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും നിരവധി തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിയെന്നും ഇതുവരെ 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി നേരത്തെ പറഞ്ഞിരുന്നു. മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നുവെന്നും തിവാരിയെ പറഞ്ഞു.

പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മനയെ ഘസ്റ്റോളിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ അപകടം ഉണ്ടായത്. ചൈനീസ് അതിര്‍ത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിര്‍മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Content Highlight: Four laborers killed in Uttarakhand avalanche