| Thursday, 12th October 2023, 7:08 am

രാജ്യത്ത് വീണ്ടും തീവണ്ടി അപകടം; ബിഹാറില്‍ ട്രെയിന്‍ പാളംതെറ്റി നാല് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ബിഹാറിലെ ബക്സറിന് സമീപം ട്രെയിന്‍ പാളംതെറ്റി നാല് മരണം. അപകടത്തില്‍ 70ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ അനന്ത്വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

ബക്സറിലെ രഘുനാഥ്പുര്‍ സ്റ്റേഷന് സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30നായിരുന്ന് അപകടം. ട്രെയിനിന്റെ ആറ് കംപാര്‍ട്‌മെന്റ് കോച്ചുകള്‍ പാളം തെറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ അര്‍ധരാത്രി വരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

സംഭവത്തില്‍ റെയില്‍വെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ ഇന്നലെ അറിയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് ട്രെയിന്‍ അപകടം തുടര്‍ക്കഥയാകുകയാണ്. ജൂണ്‍ രണ്ടിന് ഒഡീഷയിലെ ഭുവനേശ്വറിലുണ്ടായ അപകടത്തില്‍ ഇരുനൂറിലധികം പേര്‍ മരണപ്പെടുകയും 1000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊറാമണ്ഡല്‍-ചെന്നൈ എക്‌സ്പ്രസ്, യശ്വന്ത്പൂര്‍-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ചരക്ക് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കിയ അപകടമണ്ടായിരുന്നത്.

Content Highlight: Four killed in train derailment near Bihar’s Buxar

We use cookies to give you the best possible experience. Learn more