Kerala News
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 02, 10:59 am
Saturday, 2nd November 2024, 4:29 pm

തൃശൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് മരണം. മരിച്ചത് ശുചീകരണ തൊഴിലാളികളാണെന്നാണ് വിവരം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

ട്രാക്കില്‍ ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികളെയാണ് ട്രെയിന്‍ തട്ടിയത്. ട്രാക്കില്‍ ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

തമിഴ്‌നാട് സ്വദേശികളായ നാല് തൊഴിലാളികളും റെയില്‍വേയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണെന്നും പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം.

രണ്ട് സ്ത്രീ തൊഴിലാളികളും രണ്ട് പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. ലക്ഷ്മണന്‍ എന്ന് പേരുള്ള രണ്ട് പുരുഷന്മാരും റാണി, വല്ലി എന്നിങ്ങനെ പേരുള്ള സ്ത്രീകള്‍ക്കുമാണ് അപകടം സംഭവിച്ചത്.

ഷൊര്‍ണൂര്‍ സ്റ്റേഷന് അടുത്തുള്ള ട്രാക്കിലെ പാലത്തിന് മുകളിലാണ് അപകടം സംഭവിച്ചത്. ചെറുതുരുത്തി പാലത്തിലൂടെ ഇവര്‍ നാല് പേരും ജോലി ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

 ഒരു മൃതദേഹം ട്രെയിന്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ പുഴയിലേക്ക് വീഴുകയും  ചെയ്തിട്ടുണ്ട്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രാക്ക് ശുചീകരിക്കുകയായിരുന്ന പത്ത് തൊഴിലാളികള്‍ പാലത്തില്‍ ഉണ്ടായിരുന്നുവെന്നും അതില്‍ ആറു പേര്‍ രക്ഷപ്പെടുകയുമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശുചീകരണ തൊഴിലാളികള്‍ ട്രാക്കിലേക്ക് പോയത് അധികൃതര്‍ അറിഞ്ഞിരുന്നില്ലെന്നും തൊഴിലാളികള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ അനുമതി വാങ്ങാതെയായിരിക്കാം പോയത് എന്നുമാണ് വിവരം.

ശുചീകരണ തൊഴിലാളികള്‍ റെയില്‍വേയുടെ നേരിട്ടുള്ള തൊഴിലാളികളല്ലെന്നും കരാര്‍ ജീവനക്കാരന്റെ കീഴില്‍ ജോലി ചെയ്യുന്നവരാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Four killed in Shornur train collision