കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റി നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍ നൗജ്ഷ് മണ്ഡല്‍, നൂറാമിന്‍ എന്നിവരാണ് മരിച്ചത്.
തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയത്. ആറ് പേരെ ഇതുവരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.
അപകടം നടന്ന ഉടനെ രണ്ട് പേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
CONTENT HIGHLIGHTS: Four killed in landslide at Nest Group’s Electronic City construction site in Kalamassery