| Tuesday, 3rd April 2018, 12:54 pm

പാകിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വെടിവെയ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയില്‍ ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊലപ്പെട്ടു. ക്വറ്റയിലെ ഷാഹ് സമാന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. കൊലപ്പെട്ടവരില്‍ 4 പേരും പുരുഷന്‍മാരാണ്. ഒരു പെണ്‍കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഈസ്റ്റര്‍ ആഘോഷിക്കാനായി പഞ്ചാബില്‍ നിന്നും ബന്ധുവീട്ടിലെത്തിയവരാണ് കൊല്ലപ്പെട്ടത്. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ബസാറിലേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുവായ താരിഖ് മസീഹ് അല്‍ജസീറയോട് പറഞ്ഞു.

തിങ്കളാഴ്ച ക്വറ്റയില്‍ നടന്ന മറ്റൊരു വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. അതേ സമയം ക്രൈസ്തവ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.


Read more: പലസ്തീനും ഇസ്രായേലിനും അവരവരുടെ ഭൂമിയില്‍ അവകാശമുണ്ട്: മുഹമ്മദ് ബിന്‍ സല്‍മാന്‍


പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ശിയാ മുസ്‌ലിംങ്ങള്‍ക്കും, ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും അഹമ്മദിയ്യ വിഭാഗങ്ങള്‍ക്കുമെതിരെ നേരത്തെയും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

ഡിസംബറില്‍ ക്വറ്റയിലെ ചര്‍ച്ചിന് നേരെ നടന്ന ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു. ക്വറ്റ തലസ്ഥാനമായ ബലൂചിസ്ഥാനില്‍ നേരത്തെ സൂഫി കേന്ദ്രങ്ങള്‍ക്ക് നേരെയടക്കം നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു.

2017ല്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരാക്രമണങ്ങളിലായി 242 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍.

We use cookies to give you the best possible experience. Learn more