ശ്രീനഗര്‍: ജമ്മു കശ്മീരിലെ നാല് മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ(എസ്.എസ്.ജി) പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
നാഷണല്‍ കോണ്‍ഫെറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ല, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി അസാദ് എന്നിവരുടെ പ്രത്യേക സുരക്ഷ(എസ്.എസ്.ജി) പിന്‍വലിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും മുന്‍ മുഖ്യമന്ത്രിമാരുടെയും സുരക്ഷക്കായി ജമ്മു കശ്മീരിലെ പ്രത്യേക സുരക്ഷാ വിഭാഗമാണ് എസ്.എസ്.ജി രൂപീകരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വിരോധമാണ് സുരക്ഷ പിന്‍വലിക്കാന്‍ കാരണമെന്ന് ഒമര്‍ അബ്ദുല്ല പ്രതികരിച്ചു.
‘ഇത് വ്യക്തമായും രാഷ്ട്രീയമാണ്, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഞങ്ങളുടെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണമാണിത്. എന്നാല്‍ ഇതൊന്നും ഞങ്ങളെ നിശബ്ദരാക്കില്ല,’ ഒമര്‍ അബ്ദുല്ല പറഞ്ഞു.
ഫാറൂഖ് അബ്ദുല്ലയും മെഹബൂബ മുഫ്തിയും
സുരക്ഷ പിന്‍വലിച്ചതിനെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു.
‘ഇത് ഔദ്യോഗികമായി എന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് പറയാനാവില്ല,’ മെഹബൂബ മുഫ്തി പറഞ്ഞു.
അതേസമയം, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ നിലവിലെ സാഹചര്യം അനുസരിച്ച് സുരക്ഷ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.
ഇവര്‍ നേരിടുന്ന ഭീഷണി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ സുരക്ഷാ വിഭാഗം സുരക്ഷ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Four J&K Ex-Chief Ministers Lose Special Security Cover