ന്യൂദല്‍ഹി: മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനപകടത്തില്‍
നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ 35 രാജ്യങ്ങളില്‍പ്പെട്ടവര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ് സി.ഇ.ഒയാണ് അറിയിച്ചത്. കെനിയയില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ കൂടുതലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
അഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നു വീണത്.
പ്രാദേശിക സമയം ഞായറാഴ്ച്ച രാവിലെ 8.44നാണ് വിമാനം തകര്‍ന്നുവീണത്. ആഡിസ് അബാബയില്‍ നിന്നും പറന്നുയര്‍ന്ന് വൈകാതെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. പ്രദേശിക സമയം രാവിലെ 8.38ന് ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറ് മിനിട്ടിനകം നഷ്ടപ്പെട്ടു. ആഡിസ് അബാബയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്.
എത്യോപ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനി ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.
2010 ജനുവരിയിലാണ് ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇതിനു മുന്‍പ് തകര്‍ന്നു വീണത്. ബെയ്റൂട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു.