ന്യൂദല്‍ഹി: പശുക്കളെ കശാപ്പ് ചെയ്ത കേസില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അഖിലേന്ത്യാ ഹിന്ദു മഹാസഭാ പ്രവര്‍ത്തകരായ നാല് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നാല് പേരും ഹിന്ദു മഹാസഭ പ്രവര്‍ത്തകരാണ്.
ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമ പ്രകാരണാണ് കേസെടുത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഗോവധത്തിന് പരമാവധി 10 വര്‍ഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ ശൈലിയാണിതെന്നും, വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ പശുക്കളെ കശാപ്പ് ചെയതതെന്ന് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.
പശുവിനെ കൊന്നതിന് ശേഷം ആ കുറ്റം മുസ്‌ലിങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കാനാണ് ഓള്‍ ഇന്ത്യ ഹിന്ദുമഹാസഭ നേതാവ് ശ്രമിച്ചതായിട്ടാണ് പൊലീസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുന്നുണ്ട്.
രാമനവമി ആഘോഷങ്ങളുടെ സമയത്ത് പശുവിനെ കൊന്നതിന് പിന്നില്‍ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജത് ആണ് സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ദി ടെലഗ്രാഫ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പശുവിനെ കശാപ്പ് ചെയ്ത പ്രദേശത്ത് സഞ്ജയ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പൊലീസിനായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുറ്റം ആരോപിക്കപ്പെട്ടവരുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും അവര്‍ അടുത്തിടെയൊന്നും പ്രദേശത്ത് പോയതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാനുവിനെയും ഇമ്രാന്‍ ഖുറേഷിയെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.
Content Highlight: Four Hindu Mahasabha activists arrested in Uttar Pradesh’s Agra for cow slaughter