കാബൂള്‍: ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ച് കൊണ്ട് യുവതിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഫ്ഗാനിസ്ഥാനില്‍ നാല് പേര്‍ക്ക് വധശിക്ഷ. കാബൂള്‍ കോടതി ജഡ്ജി സഫിയുല്ല മൊജാദെദിയാണ് വിധി പ്രഖ്യാപിച്ചത്. 19 പോലീസുകാര്‍ ഉള്‍പ്പടെ കേസില്‍ ആകെ 49 പ്രതികളാണ് ഉണ്ടായിരുന്നത്.
കേസിലെ എട്ട് പ്രതികള്‍ക്ക് 16 വര്‍ഷത്തേക്ക് തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ബാക്കിയുള്ളവര്‍ക്കുള്ള ഞായറാഴ്ചയാണ് പ്രഖ്യാപിക്കുക. കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മനോരോഗിയായ ഫര്‍ക്കുന്ദ(27)എന്ന യുവതിയെ ഖുര്‍ആന്‍ കത്തിച്ചുവെന്ന് ആരോപിച്ച് കൊണ്ട് ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയിരുന്നത്. കല്ലെറിഞ്ഞും, വടി കൊണ്ടടിച്ചും തീ കൊളുത്തിയുമായിരുന്നു അവരെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നത്. ഇതിന് ശേഷം അവരുടെ മൃതദേഹം കാബൂള്‍ നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്. ഇതേത്തുടര്‍ന്ന് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനി അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു.