കനത്ത ചൂട്; കേരള എക്‌സ്പ്രസിലെ നാലു യാത്രക്കാര്‍ മരിച്ചു
India
കനത്ത ചൂട്; കേരള എക്‌സ്പ്രസിലെ നാലു യാത്രക്കാര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 7:07 pm

ഝാന്‍സി: കേരള എക്‌സ്പ്രസില്‍ കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന നാല് യാത്രക്കാരെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കനത്ത ചൂടാണ് മരണ കാരണമെന്നാണ് നിഗമനം.

മരിച്ച നാലു പേരും തമിഴ്‌നാട് സ്വദേശികളാണ്. തിങ്കളാഴ്ച ഉത്തരേന്ത്യയില്‍ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ഝാന്‍സിയിലേത് 48.1 ഡിഗ്രിയായിരുന്നു.

‘ആഗ്രയില്‍ വെച്ച് കേരള എക്‌സ്പ്രസിന്റെ എസ് 9, എസ് 8 കോച്ചുകളിലായി 65 പേരാണ് കയറിയത്. യാത്രക്കാരിലധികവും 65ന് മുകളില്‍ പ്രായമുള്ളവരായിരുന്നു. രാത്രി 7ന് ട്രെയ്ന്‍ ഝാന്‍സിയിലെത്തിയപ്പോള്‍ മൂന്നു പേര്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. നാലാമത്തെയാളുടെ നില ഗുരുതരമായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു’- ഝാന്‍സി റെയില്‍വേ സ്റ്റേഷന്‍ പബ്ലിക് റിലഷന്‍ ഉദ്യോഗസ്ഥന്‍ മനോജ് സിങ് പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. മരിച്ച ബുന്ദുര്‍ പളനിസാമി (80), ബാല്‍ കൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (87) എന്നിവര്‍ കമ്പാര്‍ട്ട്‌മെന്റിലെ ചൂടിനെക്കുറിച്ചും, ശാരീരിക അസ്വസ്ഥതയെക്കുറിച്ചും പരാതിപ്പെട്ടിരുന്നതായി കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു.

ജൂണ്‍ ഏഴിന് കുശിന നഗര്‍ എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ച് അസഹ്യമായ ചൂട് കാരണം ഗാസിപൂര്‍ നിവാസിയായ രാജേഷ് ഗുപ്ത മരണപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഝാന്‍സിക്ക് തൊട്ടു മുമ്പുള്ള ബബിന സ്റ്റേഷനില്‍ വെച്ചായിരുന്നു രാജേഷിന്റെ മൃതദേഹം കണ്ടെടുത്തത്.