മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്തെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. നടന്‍ ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍.സി.ബിയുടെ കണ്ടെത്തല്‍.
കുടുംബത്തോടൊപ്പം നിരവധി തവണ അദ്ദേഹം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാങ്കഡേ ഷാരൂഖിന്റെ കുടുംബത്തില്‍ നിന്ന് 25 കോടി ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം ആര്യന്‍ ഖാനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വ്യാജ ലഹരിക്കടത്ത് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും സുഹൃത്തായ അര്‍ബാസ് മെര്‍ച്ചന്റിന്റേയും പേരുകള്‍ അവസാന നിമിഷമാണ് കൂട്ടിച്ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നടന്നതായി എന്‍.സി.ബി. ഓഫീസിലെ സി.സി.ടി.വി ഫോട്ടോഷൂട്ടുകളും തെളിയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘എ.സി.ബി മുംബൈ ഓഫീസ് സമര്‍പ്പിച്ച, ആര്യന്‍ ഖാനെ എന്‍.സി.ബി ഓഫീസില്‍ കൊണ്ടു വന്ന അന്ന് രാത്രിയിലെ ഡി.വി.ആറും ഹാര്‍ഡ് കോപ്പിയും തമ്മില്‍ വ്യത്യാസമുണ്ട്.
2017 മുതല്‍ 2021 വരെ വാങ്കഡെ കുടുബത്തോടൊപ്പം ആറ് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. ലണ്ടന്‍, ഐര്‍ലാന്റ്, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, മാല്‍ദ്വീപ് എന്നിവിടങ്ങളിലാണ് യാത്ര നടത്തിയത്. എന്നാല്‍ വാങ്കഡെ അവകാശപ്പെടുന്നത് ആകെ 8.7 ലക്ഷം രൂപ മാത്രമേ വിമാന യാത്രക്ക് ചെലവായിട്ടുള്ളൂവെന്നാണ്.
വരുമാന സ്രോതസ്സിനേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന വിലകൂടിയ വാച്ചുകളുടെ ശേഖരം വാങ്കഡേയ്ക്കുണ്ട്. 17 ലക്ഷത്തിനും 22 ലക്ഷത്തിനും ഇടയില്‍ വിലമതിക്കുന്ന റോളക്‌സ് വാച്ചടക്കം അതില്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ നാല് ഫ്‌ളാറ്റും വാഷിമില്‍ 41,688 ഏക്കര്‍ ഭൂമിയും ഉണ്ട്.
2.45 കോടി വിലവരുന്ന അഞ്ചാമത്തെ ഫ്‌ളാറ്റ് ജോര്‍ജിയനില്‍ വാങ്ങാനുള്ള ആലോചനയിലാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാങ്കഡേയുടെയും പങ്കാളിയുടെയും വാര്‍ഷിക വരുമാനം 45,61,460 രൂപയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അതില്‍ വിദേശ യാത്രകള്‍ക്കും സ്വത്തുക്കള്‍ക്കും വേണ്ടി ചെലവാക്കിയ ഫണ്ടുകളുടെ സ്രോതസ്സ് കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ വ്യാജ ലഹരിക്കടത്ത് കേസില്‍ ഷാരൂഖില്‍ നിന്നും
സമീര്‍ വാങ്കഡെ 25 കോടി രൂപ തട്ടാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ വാങ്കഡേക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.
ആര്യനെ മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ നിന്നും രക്ഷിക്കാമെന്ന പേരിലാണ് വാങ്കഡെ ഷാരൂഖില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത്. ഇതിനായി സാക്ഷിയായിരുന്ന കിരണ്‍ ഗോസാവിക്ക് ഒപ്പം ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. 18 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് സമീര്‍ വാങ്കഡെക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സോണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. ആദ്യഘട്ടത്തില്‍ എന്‍.സി.ബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പിന്നീട് സി.ബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. സമീറിന്റെ മുംബൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
2021 ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. കപ്പലില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 17 പേരെയായിരുന്നു കസ്റ്റഡിയില്‍ എടുത്തിരുന്നത്.
content highlight: Four flats in Mumbai; 41,688 acres of land; 22 lakh Rolex watch: More assets than Wanktake income: N.C.B.