ബ്രസല്‍സ്: റഷ്യന്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഉക്രൈനെ പുനര്‍നിര്‍മിക്കുന്നതില്‍ റഷ്യയുടെ സ്വത്തുക്കള്‍ തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശവുമായി നാല് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍.
ലിത്വാനിയ, സ്ലൊവാക്യ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ച റഷ്യയുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് ഉക്രൈന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന് വേണ്ടി റഷ്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാണ് ആവശ്യം.
നാല് രാജ്യങ്ങളും സംയുക്തമായി യൂറോപ്യന്‍ യൂണിയന് സമര്‍പ്പിച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം, യുദ്ധത്തിലൂടെയുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും ഉക്രൈനെ പുനര്‍നിര്‍മിച്ചെടുക്കുന്നതിന്
ഏകദേശം 600 ബില്യണ്‍ ഡോളര്‍ ചിലവ് വരുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ യുദ്ധം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് കണക്കുകൂട്ടിയ തുക ഉയരാന്‍ സാധ്യതയുണ്ടെന്നും ലിത്വാനിയ, സ്ലൊവാക്യ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങള്‍ കത്തില്‍ പറഞ്ഞു.
”റഷ്യയുടെ സൈനിക അധിനിവേശത്തിന് ഇരകളായവര്‍ക്കുള്ള നഷ്ടപരിഹാരമടക്കം ഉക്രൈന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട ചിലവുകളില്‍ വലിയൊരു പങ്ക് റഷ്യ തന്നെ വഹിക്കണം,” കത്തില്‍ പറയുന്നു.
റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കത്ത് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളും റഷ്യക്കെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.