| Wednesday, 1st November 2023, 2:59 pm

പാകിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിനിടെ ഫലസ്തീന്‍ പതാക ഉയര്‍ത്തി; നാല് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍-ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഫലസ്തീന്‍ പതാക വീശിയതിന് നാല് പേര്‍ അറസ്റ്റില്‍.

അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും മറ്റ് രണ്ട്‌പേര്‍ കൊല്‍ക്കത്തയിലെ ഏക്ബല്‍പൂര്‍, ഹൗറ സ്വദേശികളുമാണ്. അര്‍ധരാത്രിയോടയാണ് ഇവരെ വിട്ടയച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഗസയ്ക്കുമേലുള്ള ഇസ്രഈല്‍ യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പതാക വീശിയത്. മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം.

‘യുദ്ധം നടക്കുകയാണെന്ന് ഞാന്‍ കേട്ടിരുന്നു. എല്ലാവരും ഇതവസാനിപ്പക്കണമെന്ന് പറഞ്ഞു. ഞങ്ങള്‍ ഫലസ്തീന്‍ പതാക വീശി യുദ്ധത്തിനെതിരെ പ്രതിഷേധിക്കാന്‍ തുടങ്ങി. പതാക ഉയര്‍ത്തുമ്പോള്‍ വിവാദമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഫോട്ടോകളും വീഡിയോകളും വൈറലാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല,’ ഷെഹനാസ് എന്ന ആളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രാഈല്‍ – ഹമാസ് യുദ്ധത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ലണ്ടനിലും ന്യൂ യോര്‍ക്കിലുമെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

content highlight: Four detained for waving Palestinian flag during Pakistan-Bangladesh cricket match

We use cookies to give you the best possible experience. Learn more